മന്ത്രിയോട് ചോദിച്ചത് ന്യായമായ ചോദ്യങ്ങൾ, കോൺവക്കേഷൻ തടസപ്പെട്ടില്ല;പ്രചാരണം തള്ളി മഹാരാജാസിലെ റാങ്ക് ജോതാക്കൾ

കോളേജില്‍ നടന്ന കോണ്‍വക്കേഷനില്‍ പങ്കെടുത്ത ഒന്നാം റാങ്ക് ജോതാക്കളാണ് മന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്

മന്ത്രിയോട് ചോദിച്ചത് ന്യായമായ ചോദ്യങ്ങൾ, കോൺവക്കേഷൻ തടസപ്പെട്ടില്ല;പ്രചാരണം തള്ളി മഹാരാജാസിലെ റാങ്ക് ജോതാക്കൾ
dot image

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് തടസപ്പെട്ടു എന്ന പ്രചാരണം വ്യാജമാണെന്ന് റാങ്ക് ജേതാക്കൾ. സംഭവത്തിൽ ഉന്നത വിദ്യാഭ്യസ റോജി എം ജോണിനെയും കോണ്‍ഗ്രസിനെയും തള്ളുകയാണ് ചടങ്ങിൽ പങ്കെടുത്ത വിവിധ വകുപ്പുകളിൽ ഒന്നാം റാങ്ക് ജേതാക്കളായ വിനയ മുരളി, അഭിമന്യൂ, അഭിഷേക് പി ആർ എന്നിവർ. ചടങ്ങ് തടസപ്പെട്ടു എന്ന പ്രചാരണം വ്യാജമാണെന്നും കൃത്യമായി പരിപാടി സംഘടിപ്പിക്കപ്പെട്ടു എന്നും ബി എ എക്കണോമിക്‌സിൽ ഒന്നാം റാങ്ക് ജേതാവായ വിനയ മുരളി റിപ്പോര്‍ട്ടർ ലെെവിനോട് പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. കാലടി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അതിനെതിരെ മഹാരാജാസില്‍ നടന്ന പ്രതിഷേധത്തിന്റെ പ്രാധാന്യമാണ് മനസിലാക്കേണ്ടതെന്നും വിനയ പറയുന്നു.

തങ്ങള്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോൾ തന്നെ ബിരുദം നേടേണ്ട വിദ്യാര്‍ത്ഥികളാണ് കാലടി സര്‍വകലാശലയിലേതെന്നും മഹാരാജാസ് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. പത്തോ പതിനഞ്ചോ മിനിട്ട് മാത്രമാണ് പ്രതിഷേധം ഉണ്ടായിരുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും വളരെ സന്തോഷത്തോടെ തന്നെയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരിച്ച് പോയിരുന്നത്. മന്ത്രിയോട് ചോദ്യം ചോദിച്ചതിനാണ് അവരെ സസ്‌പെന്‍ഡ് ചെയ്തതെന്നും വിനയ പ്രതികരിച്ചു. ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ ചോദ്യം ചോദിക്കാന്‍ പോലും അവകാശമില്ലേ എന്നും വിദ്യാര്‍ത്ഥിനി ചോദിക്കുന്നു. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും മന്ത്രിമാരോട് ഇനിയും ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും റാങ്ക് ജേതാവ് വ്യക്തമാക്കി.

ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന വിനയ മുരളി

'മഹാരാജാസ് വലിയ സമര പാരമ്പര്യമുള്ള ക്യാമ്പസാണ്. ലോകത്ത് എന്ത് നടക്കുമ്പോഴും അവിടെ സമരം ഉയരും. കോണ്‍ഗ്രസുകാര്‍ തന്നെയാണ് ശവമഞ്ചം ഒരുക്കി ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം സമരം ചെയ്തത്. മുമ്പ് ഐഎഎസ് ഉദ്യോഗസ്ഥന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച് സമരം ചെയ്തവരാണ് കെഎസ്‌യു. എന്നിട്ടാണ് വിദ്യാര്‍ത്ഥികളുടെ സമരം അപരിഷ്‌കൃതമാണെന്ന് റോജി എം ജോണ്‍ പറയുന്നത്', വിനയ വിമര്‍ശനമുയര്‍ത്തി. കാലടിയിലെ വിദ്യാര്‍ത്ഥികള്‍ ഉപയോഗ ശൂന്യമായ ലൈറ്റുകളുടെ ശവമഞ്ചമാണ് ഒരുക്കിയതെന്ന് തെളിഞ്ഞിട്ടും മന്ത്രി മഹാരാജാസിലും അതേ ആക്ഷേപം ആവര്‍ത്തിച്ചെന്നും വിനയ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മന്ത്രി വന്നപ്പോള്‍ മന്ത്രിയോട് ചോദ്യം ചോദിക്കുകയാണ് ചെയ്തതെന്നും കോണ്‍വക്കേഷന്‍ തടസപ്പെട്ടിട്ടില്ലെന്നും ബി എ ഇസ്‌ലാമിക് ഹിസ്റ്ററി ഒന്നാം റാങ്ക് ജോതാവ് അഭിമന്യുവും പറഞ്ഞു. തങ്ങളെ പോലെ തന്നെയുള്ള വിദ്യാര്‍ത്ഥികളാണ് 60 ദിവസത്തിന് മേലെയായി കാലടിയില്‍ പുറത്ത് നിക്കേണ്ടി വരുന്നത്. അവര്‍ക്ക് വേണ്ടി ചോദ്യം ചോദിച്ചത് നല്ലകാര്യമായി തന്നെയാണ് തോന്നിയതെന്നും അഭിമന്യു പറഞ്ഞു. മന്ത്രി വിഷയത്തില്‍ ഉത്തരം പറയാതെ പോകുകയാണുണ്ടായത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്. മന്ത്രിയുടെ അടുത്ത് പോയി സര്‍ട്ടിക്കറ്റ് വാങ്ങിയത് മഹാരാജാസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ മാത്രമാണെന്നും അഭിമന്യു പറഞ്ഞു. പ്രതിഷേധത്തിന് സമയവും സന്ദര്‍ഭവുമില്ല. ലോകത്ത് എവിടെ എന്ത് പ്രശ്‌നം നടന്നാലും മഹാരാജാസില്‍ പ്രതിഷേധം സംഘടിപ്പിക്കാറുണ്ട്. അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മഹാരാജാസിന്റെ സമരരീതി അറിയാമെന്നും അത് വളച്ചൊടിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

അഭിമന്യു കോൺവക്കേഷൻ ഗൌണിൽ

കാലടിയിലെ വിദ്യാര്‍ത്ഥികള്‍ എന്തിന് മാപ്പ് എഴുതി നല്‍കണമെന്നും നടകം കളിച്ച് പ്രതിഷേധിക്കുന്നത് എങ്ങനെയാണ് അപരിഷ്‌കൃതമായ സമരരീതി ആകുക എന്നും അഭിമന്യു ചോദിച്ചു. എസ്എഫ്‌ഐ പ്രതിഷേധിച്ചത് കൊണ്ടാകാം വിസിക്കും മന്ത്രിക്കും പ്രശ്‌നമുണ്ടായത്. സര്‍വകലാശാലകളെ കാവി വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാം വിദ്യാര്‍ത്ഥി വേട്ട എന്നും റാങ്ക് ജേതാവ് വ്യക്തമാക്കി. വിദ്യാര്‍ത്ഥി സമരത്തിനെ തെറ്റായ ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മഹാരാജാസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന സമാഹ മാധ്യമ ആക്രമണം സഹിക്കാനാകാത്തതാണ്. കോളേജില്‍ തങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികലാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയോടേ ചോദ്യം ചോദിച്ചത്. അതില്‍ ഒരു തെറ്റുമില്ല. അവരെ സസ്‌പെന്‍ഡ് ചെയ്ത് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അഭിമാന്യു റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. മന്ത്രി ചോദ്യത്തിന് അതീതനല്ലെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

സാമൂഹമാധ്യമങ്ങളില്‍ ബരുദദാന ചടങ്ങ് തടസപ്പെട്ടു എന്ന് പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പൂര്‍ണമായും വ്യാജമാണെന്നും ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ ഒന്നാം റാങ്ക് ജേതാവ് അഭിഷേക് പി ആര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മന്ത്രിയുടെ അടുത്ത് പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അന്ന് വന്ന വിശിഷ്ടാതിഥിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് ആഗ്രഹമുണ്ടായതിനാലാകാം അങ്ങനെ ചെയ്തത്. ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റ് വാങ്ങാന്‍ നില്‍ക്കുന്ന തനിക്ക് ലഭിക്കുന്ന നീതി തന്നെ കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കണം. അതിനാലായിരുന്നു സമരമെന്നു അഭിഷേക് വ്യക്തമാക്കി. മന്ത്രിയുടെ ആദ്യ കര്‍ത്തവ്യം അദ്ദേഹത്തെ തെരഞ്ഞെടുത്തവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നതാണ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതും അവാര്‍ഡ് നല്‍കുന്നതും അതിന് ശേഷമുള്ള കാര്യമാണെന്നും മഹാരാജാസ് വിദ്യാര്‍ത്ഥി പറഞ്ഞു. മന്ത്രി അപ്പോള്‍ തന്നെ മറുപടി നല്‍കുകയായിരുന്നു നല്ലത്. ഒരു പക്ഷെ അദ്ദേഹത്തിന് ഉത്തരമില്ലാതിരുന്നതിനാലാകാം പ്രശ്‌നം വഷളയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന അഭിഷേക് പി ആർ

ചോദ്യം ചോദിച്ച വിദ്യാര്‍തഥികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതിലും ക്യാമ്പസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിലും പ്രത്യേക അജണ്ട ഉണ്ടെന്നാണ് കരുതുന്നത്. എന്ത് അനീതി നടന്നാലും അത് ചൂണ്ടിക്കാട്ടി ആദ്യം ചോദ്യം ചോദിക്കുന്ന ക്യാമ്പസാണ് മഹാരാജാസ്. അതിനെ ഇല്ലാതാക്കാനും വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താനുമുള്ള നീക്കമാണ് നടക്കുന്നതെന്നും അഭിഷേക് വിശദീകരിച്ചു. എന്നാല്‍ അങ്ങനെ പേടിക്കുന്ന ആളുകളല്ല അവിടെ ഉള്ളതെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. അധ്യാപകരുടെ ചുമതല വിദ്യാര്‍ത്ഥികളെ തിരുത്തി മുന്നോട്ട് പോകുക എന്നതാണ്. എന്നാല്‍ കാലടിയില്‍ നടക്കുന്നത് പ്രതികാര നടപടിയാണ്. അവിടെ നടന്ന സമരത്തിന്റെ സത്യാവസ്ത പുറത്ത് വന്നിട്ടും റോജി എം ജോണ്‍ വീണ്ടും പഴയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെതിരെയും ഇനിയും ചോദ്യങ്ങളുണ്ടാകുമെന്നും അതിന് ഉത്തരം നല്‍കാന്‍ ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അഭിഷേക് വ്യക്തമാക്കി.

വെള്ളിയാഴ്ച മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധമുണ്ടായത്. മന്ത്രി റോജി എം ജോണ്‍ സംസാരിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞ് ചോദ്യം ഉയര്‍ത്തുകയായിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പതിനാറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞത്. കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയയായിരുന്നു ആദ്യം ചോദ്യം ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് മറുപടി പറയാമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. രണ്ട് ചോദ്യങ്ങളെപ്പോലും എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് നഫീസത്തുല്‍ മന്ത്രിയോട് ചോദിച്ചു. എന്നാല്‍ മറുപടി പറയാന്‍ മന്ത്രി തയ്യാറായില്ല. ഇതിന് പിന്നാലെ മന്ത്രി വേദി വിടുകയായിരുന്നു. പിന്നാലെ മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പ്രണീല്‍, വൈസ് ചെയര്‍ഴ്‌സണ്‍ നസീഫത്തുള്‍ മിസ്രിയ എന്നിവരെ കോളേജ് 10 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വലിയ പ്രതിഷേധവും വിമര്‍ശനവുമാണ് ഇതിനതിരെ എസ്എഫ്‌ഐ ഉയര്‍ത്തുന്നത്.

Content Highlights: Maharajas College rank holders have rejected criticism by Minister Roji M John and the Congress over the SFI protest at the college. Speaking to Reporter, BA Economics first-rank holder Vinaya Murali said claims that the convocation ceremony was disrupted were false and that the programme was conducted properly. She added that all students received their certificates. Vinaya also highlighted the difficulties faced by students at Kalady University, who she said were unable even to appear for examinations, and stressed the importance of the protest held at Maharajas College.

dot image
To advertise here,contact us
dot image