'ഞങ്ങളുടെ കൈകള്‍ ബന്ധിക്കപ്പെട്ടിട്ടില്ല'; ആണവാക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍

ഖത്തറിൻ്റെ മധ്യസ്ഥതയിലൂടെ ഇറാന്‍ അമേരിക്കയുമായി സന്ദേശകൈമാറ്റങ്ങളും ചര്‍ച്ചകളും തുടരുകയാണെന്നും, ഇറാന്റെ നിബന്ധനകള്‍ പാലിച്ചാല്‍ നയതന്ത്ര കരാറിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

'ഞങ്ങളുടെ കൈകള്‍ ബന്ധിക്കപ്പെട്ടിട്ടില്ല'; ആണവാക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍
dot image

ടെഹ്‌റാന്‍: ആണവായുധമുപയോഗിച്ചുള്ള ആക്രമണമുണ്ടായാല്‍, തങ്ങളുടെ കൈകള്‍ ബന്ധിപ്പെട്ടിട്ടില്ലെന്നും സ്വാഭാവികമായ നടപടികള്‍ക്ക് മുതിരുമെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി. ഖ്വേഷം ദ്വീപില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ ഇപ്പോഴും യുദ്ധാവസ്ഥയില്‍ തന്നെ തുടരുകരയാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഖത്തറിൻ്റെ മധ്യസ്ഥതയിലൂടെ ഇറാന്‍ അമേരിക്കയുമായി സന്ദേശകൈമാറ്റങ്ങളും ചര്‍ച്ചകളും തുടരുകയാണെന്നും, ഇറാന്റെ നിബന്ധനകള്‍ പാലിച്ചാല്‍ നയതന്ത്ര കരാറിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇസ്‌ലാമിക് റിപ്പബ്ലിക് (ഇറാന്‍) അല്ല ഈ യുദ്ധം ആരംഭിച്ചത്. ഞങ്ങള്‍ യുദ്ധം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഞങ്ങള്‍ യുദ്ധം ആരംഭിച്ചിട്ടില്ല, ഈ യുദ്ധം ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതാണ്,' ഗരീബാബാദി പറഞ്ഞു. തങ്ങള്‍ യുഎസ് തെരഞ്ഞെടുപ്പിനായി കാത്തുനില്‍ക്കുകയോ, അവരുമായി സ്വന്തം നയങ്ങള്‍ സംയോജിപ്പിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആണവായുധം കൈവശമുള്ള ഏതെങ്കിലും രാജ്യമോ വിഭാഗമോ ഇറാനെതിരെ അണ്വായുധം ഉപയോഗിക്കുമെന്ന ഔദ്യോഗിക ഭീഷണി മുഴക്കുന്നത് ആണവായുധ വ്യാപന നിരോധന ഉടമ്പടിയുടെ (Nuclear Non-Proliferation Tretay - NPT) വിശ്വാസ്യതയെ തകര്‍ക്കുമെന്ന് നയതന്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ലഭ്യമായ ഏത് മാര്‍ഗത്തിലൂടെയും സ്വയം പ്രതിരോധിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എതിരാളികള്‍ ഇറാനെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളോ മറ്റോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ലഭ്യമായ നിയമസംവിധാനങ്ങള്‍ ഇറാന്‍ സജീവമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായി വീണ്ടുമൊരു സംഘര്‍ഷമുണ്ടായാല്‍ അത് മുമ്പത്തെക്കാള്‍ കൂടുതല്‍ കാലം നീണ്ടുനിന്നേക്കാമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും ഒരു കൈ നോക്കാനുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇറാന്‍ ഔദ്യോഗികമായി നിലപാട് പറഞ്ഞത്.

'ഭാവിയില്‍ ഉണ്ടായേക്കാവുന്ന യുദ്ധം മുന്‍കാല സംഘര്‍ഷങ്ങളെക്കാള്‍ ദീര്‍ഘകാലം നീണ്ടുനിന്നേക്കാം. യുദ്ധത്തിന്റെ അവസാനമോ ദൈര്‍ഘ്യമോ ഗതിയോ തീരുമാനിക്കാനുള്ള അധികാരം അമേരിക്കന്‍ പ്രസിഡന്റിനില്ല,' ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രംനിയ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടയിലും യുഎസും ഇസ്രായേലും വീണ്ടും വ്യോമാക്രമണങ്ങള്‍ ആരംഭിച്ചേക്കുമെന്ന ഭീഷണികള്‍ ശക്തമായിരിക്കുകയാണ്.

Content Highlight:

Iranian Deputy Foreign Minister Kazem Gharibabadi said that if the country faces a nuclear attack, its hands would not be tied and it would take appropriate measures in response.Speaking to journalists, he said Iran remains in a state of war following the recent attacks on Kharg Island. He added that Iran continues to exchange messages and hold discussions with the United States through Qatari mediation, noting that a diplomatic agreement could be reached if Iran's conditions are met.

dot image
To advertise here,contact us
dot image