കാലടിയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല; സിംഗിൾ ബെഞ്ച് വിധി ചട്ടം പാലിക്കാതെയെന്ന് ഡിവിഷൻ ബെഞ്ച്

സസ്‌പെന്‍ഷനിലുള്ള പിജി വിദ്യാര്‍ത്ഥികളായ ഏഴ് പേരുടെ പരീക്ഷ നാളെയാണ് തുടങ്ങുന്നത്

കാലടിയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല; സിംഗിൾ ബെഞ്ച് വിധി ചട്ടം പാലിക്കാതെയെന്ന് ഡിവിഷൻ ബെഞ്ച്
dot image

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി ഇല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരീക്ഷ എഴുതാനാകില്ല. വി സിയുടെ അപ്പീല്‍ നിലനില്‍ക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ വി സി സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാര്‍ത്ഥികളെ സെസ്‌പെന്‍ഡ് ചെയ്യുന്നത്. സസ്‌പെന്‍ഷനിലുള്ള പിജി വിദ്യാര്‍ത്ഥികളായ ഏഴ് പേരുടെ പരീക്ഷ നാളെയാണ് നടക്കുന്നത്.

അതേസമയം കോടതി വിധിയിലായിരുന്നു പ്രതീക്ഷയെന്നും, എന്ന് കരുതി സമരം അവസാനിപ്പിക്കാനോ സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കാനോ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സമരവുമായി മുന്നോട്ട് പോകും. തുടര്‍ നടപടികള്‍ എങ്ങനെയെന്നത് ആലോചിച്ച് തീരുമാനിക്കും. സിസ തോമസിന്റെ ആഗ്രഹം പോലെ മാപ്പ് എഴുതി നൽകി സര്‍വകലാശാലയുടെ തിട്ടൂരത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സിസ തോമസിനെതിരായ പ്രതിഷേധത്തില്‍ സര്‍വകലാശാലയുടെ അച്ചടക്ക സമിതിയിലെ ഒരു അംഗം നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ സമരം മാത്രമാണ് നടത്തിയതെന്നും വിസിയെ ആക്രമിക്കുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഒണ്‍ലൈനായി നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ മാപ്പ് എഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ മാപ്പും നല്‍കില്ല ഒരു കോപ്പും നല്‍കില്ലെന്നും സവര്‍ക്കറുടെ പാരമ്പര്യമല്ല തങ്ങള്‍ക്കെന്നും എസ്എഫ്‌ഐ പ്രതികരിച്ചിരുന്നു. സിസ തോമസിന്റെ പ്രതികാര നടപടിക്കെതിരെ മുന്‍ വിസിമാരും പ്രോവിസിമാരും അടക്കം സംയുക്ത പ്രസ്താവനയുമായി ഇന്ന് രംഗത്ത് വന്നിരുന്നു. ഇന്നലെ വൈകുന്നേരം മുതലവായിരുന്നു വിദ്യാര്‍ത്ഥികള്‍ നിരഹാര സമരം ആരംഭിച്ചത്.

Content Highlights: The Kerala High Court Division Bench has ruled that suspended students of Kalady Sanskrit University cannot appear for examinations, stating that the single bench order did not follow university rules and UGC regulations. The court allowed the university's appeal to proceed and observed that suspended students are not eligible to write the examinations. The Vice-Chancellor had challenged the earlier order, citing lack of attendance among the students. However, the students were suspended around 60 days ago following protests against Vice-Chancellor C S Thomas. The examinations of seven suspended postgraduate students are scheduled for tomorrow.

dot image
To advertise here,contact us
dot image