സുരക്ഷാ ആശങ്ക; സൗദി ഏഷ്യൻ കപ്പ് മാറ്റിവെച്ചു, ടൂർണമെന്റ് 2027 ഡിസംബറിൽ നടക്കും

മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിൽക്കുന്ന സുരക്ഷാ ആശങ്കകളാണ് ടൂർണമെന്റ് മാറ്റിവെക്കാൻ പ്രധാന കാരണമായത്

സുരക്ഷാ ആശങ്ക; സൗദി ഏഷ്യൻ കപ്പ് മാറ്റിവെച്ചു, ടൂർണമെന്റ് 2027 ഡിസംബറിൽ നടക്കും
dot image

സൗദി അറേബ്യ വേദിയാകുന്ന 2027-ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് തീയതികളിൽ മാറ്റം വരുത്തി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് ടൂർണമെന്റ് 2027 ജനുവരിയിൽ നിന്ന് ഡിസംബറിലേക്ക് മാറ്റിവെച്ചതായി എഎഫ്സി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടൂർണമെന്റ് സംഘാടക സമിതിയുമായും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനുമായും നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

24 ടീമുകൾ മാറ്റുരയ്ക്കുന്ന പോരാട്ടം 2027 ജനുവരി 7-ന് റിയാദിൽ ആരംഭിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ അപ്‌ഡേറ്റ് അനുസരിച്ച് മത്സരം 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെയായിരിക്കും നടക്കുക. യാത്രാ തടസ്സങ്ങളും മറ്റ് ലോജിസ്റ്റിക്കൽ വെല്ലുവിളികളും കണക്കിലെടുത്താണ് മത്സരങ്ങൾ നീട്ടിപ്പിവെക്കാൻ തീരുമാനിച്ചതെന്ന് എഎഫ്സി വ്യക്തമാക്കി.

മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിൽക്കുന്ന സുരക്ഷാ ആശങ്കകളാണ് ടൂർണമെന്റ് മാറ്റിവെക്കാൻ പ്രധാന കാരണമായത്. യെമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയെ തുടർന്ന് നിരവധി പങ്കാളിത്ത രാജ്യങ്ങൾ സുരക്ഷാ ആശങ്കകൾ പങ്കുവെച്ചിരുന്നു. എല്ലാ ടീമുകളുടെയും ഭാരവാഹികളുടെയും കാണികളുടെയും സുരക്ഷ മുൻനിർത്തിയാണ് ടൂർണമെന്റ് നീട്ടിവെക്കുന്നത് അത്യാവശ്യമായി വന്നതെന്ന് എഎഫ്സി വ്യക്തമാക്കി.

Also Read:

പുതിയ തീയതികൾ അംഗീകാരത്തിനായി അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫയ്ക്ക് സമർപ്പിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിനായി ആവേശത്തോടെ കാത്തിരുന്ന ആരാധകർക്ക് തീയതി മാറ്റം നിരാശ സമ്മാനിച്ചെങ്കിലും മത്സരങ്ങൾ സുരക്ഷിതമായി സംഘടിപ്പിക്കുന്നതിന് പുതിയ തീരുമാനം സഹായകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Content Highlights: The AFC has postponed the 2027 Asian Cup in Saudi Arabia amid regional security concerns and travel disruptions. The tournament will now run from December 23, 2027, to January 21, 2028.

dot image
To advertise here,contact us
dot image