'പച്ച ഇറേസര്‍ കാവിയിലധിഷ്ഠമായ രചനകളെ മായ്ച്ചുകളയാന്‍'; യൂത്ത് ലീഗിന്റെ സമ്മേളന പോസ്റ്ററില്‍ പി കെ ഫിറോസ്

പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദ് ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്

'പച്ച ഇറേസര്‍ കാവിയിലധിഷ്ഠമായ രചനകളെ മായ്ച്ചുകളയാന്‍'; യൂത്ത് ലീഗിന്റെ സമ്മേളന പോസ്റ്ററില്‍ പി കെ ഫിറോസ്
dot image

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ സംബന്ധിച്ച പ്രചരണങ്ങളില്‍ വിശദീകരണവുമായി ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കാവി നിറത്തില്‍ താമരയുടെ രൂപത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന പെന്‍സില്‍ യൂത്ത് ലീഗിന്റെ പോസ്റ്ററില്‍ ഇടംപിടിച്ചത് ചര്‍ച്ചയായതോടെയാണ് വിശദീകരണം. യഥാര്‍ത്ഥ ഇന്ത്യന്‍ ആത്മാവിനെ മാറ്റിയെഴുതുന്ന, കാവിയില്‍ വിരിഞ്ഞ പെന്‍സിലിന്റെ മുനയൊടിഞ്ഞ് തുടങ്ങിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രമെന്ന് പി കെ ഫിറോസ് പറയുന്നു. കാവിയിലലിഷ്ഠിതമായ രചനകളെ മായ്ച്ചുകളയാനും തിരുത്താനുമുള്ളതാണ് ചിത്രത്തിലെ പച്ച ഇറേസര്‍ എന്നും ഫിറോസ് വിശദീകരിച്ചു.

'പോസ്റ്ററിലെ ഷാര്‍പ്പന്‍ ചെയ്ത കാവി നിറത്തിലുള്ള പെന്‍സില്‍ താമര ഇതളുകള്‍ പോലെയായിരുന്നു. ഇതായിരുന്നു വിമര്‍ശകരുടെ ഊന്നല്‍. കാവി നിറവും താമരയുമൊക്കെ പോസ്റ്ററില്‍ കൊടുക്കാന്‍ പാടുണ്ടോ എന്നതായിരുന്നു ചോദ്യം. യഥാര്‍ത്ഥത്തില്‍ വര്‍ത്തമാന ഇന്ത്യന്‍ ഭരണകൂടത്തെ സൂചിപ്പിക്കുന്നതായിരുന്നു പെന്‍സില്‍. മതേതര മൂല്യങ്ങളെ കാറ്റില്‍ പറത്തി പുതിയ ചരിത്രം രചിക്കാനൊരുങ്ങിയ ഫാഷിസ്റ്റുകളെ സൂചിപ്പിക്കുന്ന പ്രതീകാത്മക പെന്‍സില്‍!', പി കെ ഫിറോസ് കുറിച്ചു.

'ജെന്‍സി വിപ്ലവം പ്രതീക്ഷയാണ്. യഥാര്‍ത്ഥ ഇന്ത്യന്‍ ആത്മാവിനെ മാറ്റിയെഴുതുന്ന, കാവിയില്‍ വിരിഞ്ഞ പെന്‍സിലിന്റെ മുനയൊടിഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെയും വളര്‍ച്ചയുടെയും പ്രതീകമായ പച്ച നിറത്തിലുള്ള 'ഇറേസര്‍' (സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് മയക്കട്ട എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്) കാവിയിലലിഷ്ഠിതമായ രചനകളെ മായ്ച്ചുകളയാനും തിരുത്താനുമുള്ളതാണ്', പി കെ ഫിറോസ് വ്യക്തമാക്കി.

പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദ് ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ഇതിനകം പോസ്റ്ററിന് വലിയ പ്രചാരണമാണ് ലഭിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. നവംബര്‍ 6, 7, 8 തിയ്യതികളില്‍ എറണാകുളത്ത് വെച്ചാണ് യൂത്ത് ലീഗ് സമ്മേളനം.

Content Highlights: P K Firos About Saffron Lotus on Youth League Conference Poster

dot image
To advertise here,contact us
dot image