വൈദേകം റിസോര്‍ട്ടിലെ നിക്ഷേപ രേഖകളില്‍ മാറ്റം വരുത്താന്‍ PK ഇന്ദിര ശ്രമിച്ചു: വീണ്ടും ആരോപണവുമായി ശ്യാംജിത്ത്

തന്റെ ഭാര്യക്കെതിരെ വൈദേകം പ്രതികാര നടപടിയാണ് സ്വീകരിച്ചതെന്നും ശ്യാംജിത്ത്

വൈദേകം റിസോര്‍ട്ടിലെ നിക്ഷേപ രേഖകളില്‍ മാറ്റം വരുത്താന്‍ PK ഇന്ദിര ശ്രമിച്ചു: വീണ്ടും ആരോപണവുമായി ശ്യാംജിത്ത്
dot image

കണ്ണൂര്‍: ഇ പി ജയരാജനും ഭാര്യയ്ക്കുമെതിരെ വീണ്ടും ആരോപണവുമായി ഇപിയുടെ സഹോദരീപുത്രന്‍ ശ്യാംജിത്ത് ഇ പി. വൈദേകം റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച രേഖകളില്‍ മാറ്റം വരുത്താന്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ശ്രമിച്ചെന്നാണ് ആരോപണം. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തന്റെ ഭാര്യയെ പിരിച്ചുവിട്ടത്. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു. തന്റെ ഭാര്യക്കെതിരെ വൈദേകം പ്രതികാര നടപടിയാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ ശ്യാംജിത്ത് പ്രതികരിച്ചു.

ഇതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണറെ സമീപിച്ചിരിക്കുകയാണെന്നും ശ്യാംജിത്ത് പറയുന്നു. സിപിഐഎം മുന്‍ എംഎല്‍എ ജെയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്നും ശ്യാംജിത്ത് ആരോപിച്ചു. റിസോര്‍ട്ടില്‍ പലര്‍ക്കും നിക്ഷേപമുണ്ടെന്നും ശ്യാംജിത്ത് ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഇപിയ്ക്കും ഭാര്യയ്ക്കും എതിരെ ഗുരുതര ആരോപണവുമായി ശ്യാജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പി കെ ഇന്ദിര പണം വാങ്ങിയെന്നും ഈ പണമാണ് വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചതെന്നുമായിരുന്നു ആരോപണം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തന്റെ ഫേസ്ബുക്ക് ഹാക്ക്‌ചെയ്യപ്പെട്ടുവെന്നും ആരോപണം ഉന്നയിച്ചത് താനല്ലെന്നും വിശദീകരിച്ച് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ഇതിന് പിന്നാലെ ശ്യാംജിത്ത് പങ്കുവെച്ചിരുന്നു.

ശ്യാംജിത്തിന്റെ ആരോപണം നിഷേധിച്ച ഇ പി ജയരാജന്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. ശശിധരന്‍ കര്‍ത്തയുടെ പേര് പോലും തന്റെ ഭാര്യയ്ക്ക് അറിയില്ലെന്നും പണം വാങ്ങിയില്ലെന്നും ഇപി വ്യക്തമാക്കി. ശ്യാംജിത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഇപി ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിച്ച ശ്യാംജിത്തിന്റെ ഭാര്യ റിസോര്‍ട്ടിലെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട് വരുത്തി. സ്വന്തമായി പണം എഴുതി എടുക്കുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ അവര്‍ക്കെതിരെ നടപടി എടുക്കാതിരുന്നത് തന്റെ സഹോദരീ പുത്രന്റെ ഭാര്യ എന്ന നിലയിലാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ എന്ന പേരില്‍ വ്യാജ ലെറ്റര്‍ പാഡ് ഉണ്ടാക്കിയതടക്കമുള്ള ആരോപണം ഉയര്‍ന്നു. ഇത് ബന്ധപ്പെട്ടവര്‍ എന്നെ അറിയിച്ചപ്പോള്‍ അതില്‍ നടപടി എടുക്കണമെന്ന് താന്‍ പറഞ്ഞു. വൈദേകം റിസോര്‍ട്ടിലെ പിആര്‍ഒ എന്ന പേരില്‍ കാര്‍ഡ് അടിച്ച് ശ്യംജിത്ത് പണം തട്ടിയെന്നും റിസോര്‍ട്ട് ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിന് പിന്നാലെ ശ്യാംജിത്തിന്റെ ഭാര്യയെ കമ്പനിയില്‍ നിന്ന് പുറത്താക്കി. ഇതിന് ശേഷമാണ് കമ്പനിക്കെതിരെ അവര്‍ വ്യാജ പരാതികള്‍ കൊടുക്കാന്‍ തുടങ്ങിയതെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

Content Highlights: Shyamjith EP has alleged that PK Indira, wife of EP Jayarajan, attempted to alter documents related to investments in the Vaidekam resort.

dot image
To advertise here,contact us
dot image