ശസ്ത്രക്രിയകൾ പൂർത്തിയായി; സാലിമിന് ഇനി പുതുജീവിതം, കൈത്താങ്ങായി എം.എ. യൂസഫലി

ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സാലിം അപകടത്തിൽപ്പെട്ടത്

ശസ്ത്രക്രിയകൾ പൂർത്തിയായി; സാലിമിന് ഇനി പുതുജീവിതം, കൈത്താങ്ങായി എം.എ. യൂസഫലി
dot image

കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കൊല്ലം നെടുമ്പന സ്വദേശി സാലിമിന് പുതുജീവിതത്തിലേക്ക് മടങ്ങാൻ കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. തുടർചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി പണം കണ്ടെത്താൻ പ്രതിസന്ധിയിലായ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി. ചികിത്സയും ശസ്ത്രക്രിയകളും പൂർത്തിയാക്കി സാലിം ആശുപത്രി വിട്ടു.

ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സാലിം അപകടത്തിൽപ്പെട്ടത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ചതോടെ പിന്നിലിരുന്ന സാലിം കാറിന്റെ ഡോറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും കാലിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു.

ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനിടെ 30 ദിവസം വെന്റിലേറ്ററിലും കഴിയേണ്ടിവന്നു. തുടർചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി വലിയ തുക ആവശ്യമായതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. മകന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താനും മാതാപിതാക്കൾ ഏറെ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് സാലിമിന്റെ ആരോഗ്യസ്ഥിതിയും കുടുംബത്തിന്റെ സഹായാഭ്യർഥനയും എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ചികിത്സാ സഹായം ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച സാലിമിന് രണ്ട് പ്രധാന ശസ്ത്രക്രിയകൾക്കു പുറമെ കാലിലും ശസ്ത്രക്രിയ നടത്തി. അഞ്ച് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് ആശുപത്രി വിട്ടത്.

സാലിം ചികിത്സയിൽ കഴിഞ്ഞ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തി ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഡയറക്ടർ വി. പീതാംബരൻ, കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ നിഖിൻ ജോസഫ് എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.

Content Highlights: After 30 Days on Ventilator, Accident Survivor Salim Leaves Hospital; MA Yusuff Ali Provides ₹10 Lakh for Treatment

dot image
To advertise here,contact us
dot image