ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

അസംഗഡ് മണ്ഡലത്തില്‍ വികാസ് യാദവ് എന്ന പേരിലാണ് 11 വോട്ടര്‍മാരുള്ളത്

ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
dot image

ലഖ്നൗ: യുപി എസ്‌ഐആറില്‍ വീണ്ടും പിഴവ് എന്ന് കണ്ടെത്തല്‍. അസംഗഡ് മണ്ഡലത്തില്‍ വികാസ് യാദവ് എന്ന പേരില്‍ 11 വോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആണ് പിഴവ് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ പരിശോധനയില്‍ പിഴവ് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ച് ബിഎല്‍ഒമാരെയും ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെയും ജോലിയില്‍ നിന്ന് മാറ്റും. അസംഗഢ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അസംഗഡ് മണ്ഡലത്തില്‍ വികാസ് യാദവ് എന്ന പേരിലാണ് 11 വോട്ടര്‍മാരുള്ളത്. ഒരു വികാസ് യാദവ് മാത്രം ആണ് യാഥാര്‍ത്ഥത്തില്‍ ഉള്ളത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ 11 പേരുടെ പേര് വിവരങ്ങള്‍ വികാസ് യാദവ് എന്ന പേരിലും അഡ്രസിലും ചേര്‍ക്കുകയായിരുന്നു.

10 വോട്ടര്‍മാരുടെ പേരുകള്‍ തെറ്റായി രേഖപ്പെടുത്തി എന്നാണ് കണ്ടെത്തല്‍. ജനന തീയതി അടക്കം ഒന്ന് തന്നെയാണ് എല്ലായിടത്തും രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ പിഴവ് പരിഹരിച്ചില്ലെങ്കില്‍ ഇവരുടെ മുഴുവന്‍ വോട്ട് നഷ്ടപ്പെടും എന്നതാണ് പ്രശ്‌നം. പിഴവ് കണ്ടെത്തിയതിന് പിന്നാലെ ഓരു ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കും രണ്ട് അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് എതിരെയും വകുപ്പുതല നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ ഓഫീസര്‍ക്ക് നിര്‍ദ്ദേശ നല്‍കിയിരിക്കുന്നത്.

നേരത്തെ പിലിഭിത്ത് മണ്ഡലത്തില്‍ EPIC നമ്പര്‍ നിലനിര്‍ത്തി 10,470 വോട്ടര്‍മാരുടെ പേര് മാത്രം മാറ്റിയെന്ന് കണ്ടെത്തിയിരുന്നു. പിലിഭിത് മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിന് പേരുകള്‍ മാറ്റി രേഖപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ ആരോപണത്തിന് പിന്നാലെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പിഴവ് സ്ഥിരീകരിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്. ഫോം 8-ല്‍ ക്രമരഹിതമായി രേഖപ്പെടുത്തിയ എല്ലാ എന്‍ട്രികളും തിരുത്താന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. രണ്ട് ഇആര്‍ഒമാര്‍ക്കെതിരെയും വകുപ്പുതല നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ പങ്കിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിഇഒ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വ്യക്തികളുടെ വോട്ടുകളായിരുന്നു വ്യാപകമായി വെട്ടിമാറ്റിയിരുന്നത്. പലിഭീത്ത് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തെ തന്നെ ബാധിക്കാന്‍ കഴിയുന്ന മാറ്റമാണ് നടന്നതെന്നായിരുന്നു വിലയിരുത്തല്‍.

Content Highlights: An error has been confirmed in Uttar Pradesh’s Special Intensive Revision (SIR) of electoral rolls after 11 voters in Azamgarh were listed under the name Vikas Yadav. Samajwadi Party chief Akhilesh Yadav highlighted the discrepancy, which was later confirmed during an inspection by the Chief Electoral Officer. Five Booth Level Officers and a computer assistant are set to be removed from duty. The Chief Electoral Officer has also ordered a review of voter lists across all 10 Assembly constituencies in Azamgarh district and requested a report.

dot image
To advertise here,contact us
dot image