വില 3 ലക്ഷം രൂപ; ഐഫോൺ ഡ്യൂവോയ്ക്ക് വൻ ഡിമാൻഡ്; സ്റ്റോക്ക് തീർന്നു, ഡെലിവറിക്ക് മാസങ്ങൾ കാത്തിരിക്കണം

ചില സാഹചര്യങ്ങളിൽ ജനുവരി അവസാനത്തോടെ മാത്രമാണ് ഡെലിവറി ലഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്

വില 3 ലക്ഷം രൂപ; ഐഫോൺ ഡ്യൂവോയ്ക്ക് വൻ ഡിമാൻഡ്; സ്റ്റോക്ക് തീർന്നു, ഡെലിവറിക്ക് മാസങ്ങൾ കാത്തിരിക്കണം
dot image

ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോൺ വിപണിയിൽ വീണ്ടും ആവേശം സൃഷ്ടിച്ച് ആപ്പിളിന്റെ പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡുവോ വിൽപ്പനയ്‌ക്കെത്തി. ഏകദേശം 2,000 ഡോളർ മുതൽ വില ആരംഭിക്കുന്ന ഈ പുതിയ ഡിവൈസിന് പ്രതീക്ഷിച്ചതിലും ശക്തമായ ആവശ്യക്കാരാണുള്ളത്. വിൽപ്പന ആരംഭിച്ചതോടെ ന്യൂയോർക്ക്, ബെയ്ജിങ്, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത്. പരിമിതമായ സ്റ്റോക്ക് അതിവേഗം വിറ്റുതീർന്നതോടെ പുതിയ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കാത്തിരിപ്പ് നീളുകയാണ്.

ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, വർഷങ്ങളായി വലിയ മാറ്റങ്ങളില്ലാത്ത ഐഫോൺ ഡിസൈനിൽ ആപ്പിൾ കൊണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ഡുവോ. മടക്കാവുന്ന ഡിസ്പ്ലേയും പുതിയ ഹിഞ്ച് സംവിധാനവും ഉൾക്കൊള്ളുന്ന ഈ ഫോൺ, ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന്റെ ശക്തമായ പ്രവേശനമായാണ് വിലയിരുത്തപ്പെടുന്നത്.

വിൽപ്പനയുടെ ആദ്യദിവസം തന്നെ പല ആപ്പിൾ സ്റ്റോറുകളിലും സ്റ്റോക്ക് ഔട്ട് ആയി. അമേരിക്കയിലെ ചില സ്റ്റോറുകളിൽ 256 ജിബി, 512 ജിബി മോഡലുകൾ ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ ലഭ്യമല്ലാതായതായി റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ വെബ്‌സൈറ്റ് വഴി പുതിയ ഓർഡറുകൾ നൽകുന്നവർക്ക് ചില സാഹചര്യങ്ങളിൽ ജനുവരി അവസാനത്തോടെ മാത്രമാണ് ഡെലിവറി ലഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ നേരത്തേ ഓർഡർ ചെയ്ത ചില ഉപഭോക്താക്കൾക്ക് നവംബർ, ഡിസംബർ മാസങ്ങളിലേക്ക് ഡെലിവറി തീയതി മാറിയിട്ടുമുണ്ട്.

സാധാരണയായി പുതിയ ഐഫോണുകളുടെ വിൽപ്പന ആരംഭിക്കുമ്പോൾ കാണാറുള്ള തിരക്ക് സമീപകാലത്ത് കുറഞ്ഞിരുന്നു. ഓൺലൈൻ ഡെലിവറിയും മുൻകൂട്ടി ബുക്ക് ചെയ്തുള്ള സ്റ്റോർ പിക്കപ്പും വ്യാപകമായതായിരുന്നു ഇതിന് കാരണം. എന്നാൽ ഐഫോൺ ഡുവോയുടെ പരിമിതമായ ലഭ്യത പഴയകാല ഐഫോൺ ലോഞ്ചുകളിലെ ആവേശം വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്.

വിലയാണ് ഈ ഫോണിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. അമേരിക്കയിൽ 256 ജിബി മോഡലിന്റെ വില 1,999 ഡോളറാണ്. രണ്ട് ടെറാബൈറ്റ് സ്റ്റോറേജുള്ള ഉയർന്ന മോഡലിന് 3,199 ഡോളർ വരെ വിലയുണ്ട്. ഇന്ത്യയിൽ അടിസ്ഥാന 256 ജിബി മോഡലിന്റെ ഔദ്യോഗിക വില 2,99,900 രൂപയാണ്. ഇത്രയും ഉയർന്ന വിലയുണ്ടെങ്കിലും പുതിയ ഡിസൈനും വലിയ സ്ക്രീനും പരീക്ഷിക്കാനുള്ള താൽപര്യവും ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

പുതിയ ഫോൾഡബിൾ ഐഫോണിന്റെ നിർമ്മാണം സാങ്കേതികമായി സങ്കീർണമാണ്. നൂതനമായ ഹിഞ്ച് സംവിധാനവും പ്രത്യേക ഡിസ്പ്ലേ സാങ്കേതികവിദ്യയും നിർമ്മാണത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. കൂടാതെ, നിർമ്മാണം ചൈനയിലെ പരിമിതമായ കേന്ദ്രങ്ങളിലാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മെമ്മറി ചിപ്പുകളുടെയും മറ്റ് ഇലക്ട്രോണിക് ഘടകങ്ങളുടെയും ലഭ്യതക്കുറവ് ആഗോള ഇലക്ട്രോണിക്സ് വിപണിയിലും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. സാധാരണ ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഫോൾഡബിൾ മോഡലിന്റെ ഉൽപ്പാദനം അത്ര വ്യാപകമായിട്ടില്ല.

ഫോൺ തുറക്കുമ്പോൾ ലഭിക്കുന്ന വലിയ ഡിസ്പ്ലേയാണ് പ്രധാന ആകർഷണം. വീഡിയോകൾ കാണാനും ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങൾ നടത്താനും ഇത് കൂടുതൽ സൗകര്യം നൽകുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. എന്നാൽ ക്യാമറയുടെ പെർഫോമൻസും ചില പ്രവർത്തനങ്ങളുടെ മെച്ചപ്പെടുത്തലും സംബന്ധിച്ച് ചിലർ സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. മടക്കാവുന്ന ഫോണുകളുടെ കാര്യത്തിൽ ദീർഘകാല ഉപയോഗത്തിൽ ഹിഞ്ച് എത്രത്തോളം വിശ്വസനീയമാണെന്നതും ഉപഭോക്താക്കൾക്ക് ആശങ്കയാണ്.

ഐഫോൺ നിര ആപ്പിളിന്റെ വരുമാനത്തിന്റെ ഏകദേശം പകുതിയോളം സംഭാവന ചെയ്യുന്ന പ്രധാന ഉൽപ്പന്ന വിഭാഗമാണ്. അതിനാൽ തന്നെ ഐഫോൺ ഡുവോയുടെ വിജയം കമ്പനിക്ക് ഏറെ പ്രധാനമാണ്. വർഷങ്ങളായി ചെറിയ മാറ്റങ്ങളിലൂടെ മുന്നോട്ടുപോയ ഐഫോൺ നിരയിൽ വലിയൊരു ഡിസൈൻ മാറ്റം അവതരിപ്പിച്ചുകൊണ്ട് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ആപ്പിളിന്റെ ശ്രമം. അതേസമയം, ഉയർന്ന വിലയും പരിമിതമായ ലഭ്യതയും ഈ ഫോണിന്റെ ദീർഘകാല വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

Content Highlights: Apple’s iPhone Duo Makes Its Retail Debut as Strong Demand Outpaces Supply

dot image
To advertise here,contact us
dot image