

പാർട്ട് ടെെം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്നവർക്കെതിരെ തൊഴിൽ അന്വേഷകർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. പാർട്ട് ടെെം ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ തട്ടിയെടുക്കാനും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക് ആളുകളെ ഉപയോഗിക്കാനും ശ്രമിക്കുന്ന തട്ടിപ്പുകാർക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത ഔദ്യോഗിക മാർഗങ്ങളിലൂടെ പരിശോധിക്കണമെന്നും ബാങ്ക് വിവരങ്ങളോ ഒറ്റത്തവണ പാസ്വേർഡുകളായ ഒടിപികളോ കൈമാറരുതെന്നും പൊലീസ് നിർദേശിച്ചു. ജോലി ലഭിക്കുന്നതിനായി പണം നൽകാനും പാടില്ല. ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അധിക വരുമാനം തേടുന്നവരെ ലക്ഷ്യമിട്ട് ആകർഷകമായ പാർട്ട് ടെെം ജോലി വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാർ രംഗത്തെത്തുന്നത്. വിശ്വസനീയമെന്ന് തോന്നിക്കുന്ന ഇത്തരം അവസരങ്ങൾ യഥാർത്ഥത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുന്നതാകാമെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച ശേഷം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടുന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട തട്ടിപ്പുരീതികളിലൊന്ന്. ഇതിന് പകരമായി കമ്മീഷൻ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. ഇത്തരം ഇടപാടുകൾ നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാകാമെന്ന് ആന്റി ഫ്രോഡ് സെന്റർ മുന്നറിയിപ്പ് നൽകി. ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്ന സ്ഥാപനവുമായി ഉടൻ ആശയവിനിമയം അവസാനിപ്പിക്കണമെന്നും പൊലീസ് നിർദേശിച്ചു.
ജോലി അന്വേഷിക്കുന്നവർക്ക് ആകർഷകമായ വാഗ്ദാനങ്ങൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണം. തൊഴിലുടമയുടെ വിശ്വാസ്യത ഉറപ്പാക്കിയശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂവെന്നും ബാങ്ക് വിവരങ്ങൾ, ഒടിപി എന്നിവ പങ്കുവയ്ക്കുകയോ ജോലി ഉറപ്പാക്കാൻ പണം നൽകുകയോ ചെയ്യരുതെന്നും ദുബായ് പൊലീസ് ഓർമിപ്പിച്ചു.
Content Highlights: Dubai Police warned jobseekers about fraudlent part time job offers designed to steal banking information or involve applicants in illegal financial transactions.