മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ മുന്നറിയിപ്പ്

മഴ കനക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്

മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ മുന്നറിയിപ്പ്
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും. അടുത്ത മൂന്ന് ദിവസങ്ങളിലും മഴ കനക്കുമെന്നാണ് പ്രവചനം. നാളെ 10 ജില്ലകളിലും ഞായറാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരി ചക്കിക്കാവ് വെള്ളച്ചാലില്‍ റോഡ് ഇടിഞ്ഞുതാണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി കുടുക്കില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കോഴിക്കോടും ഇടുക്കിയിലും ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത വര്‍ധിക്കാനാണ് സാധ്യത. ഇന്നലെ വിവിധയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ കനക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയില്‍ കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കടല്‍ക്ഷോഭ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.

  1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Content Highlights: kerala-heavy-rain-orange-alert-nine-districts-today

dot image
To advertise here,contact us
dot image