

തിരുവനന്തപുരം: 2024ൽ തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെതിരെ വിമർശനവുമായി പി വി അന്‍വര്‍. അന്വേഷണ റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതും സത്യത്തെ മൂടിവെക്കുന്നതുമാണെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. കേരളത്തില്‍ ബിജെപിക്ക് ഒരു അക്കൗണ്ട് തുറന്നുകൊടുക്കാന്‍ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ട് എന്ന് പി വി അന്‍വര്‍ ആരോപിച്ചു. കേരളത്തിലെ ഓരോ സാധാരണക്കാരനും ഇതറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെയും ഭരണകൂടത്തിന്റെ വീഴ്ചകളെയും വെള്ള പൂശുന്നുവെന്നാണ് അന്‍വറിന്റെ ആരോപണം. ഇത് ദേവസ്വങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്തുകളിയാണ് അന്ന് തൃശൂരില്‍ കണ്ടത്. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൂരത്തിനിടയിലെ അനിഷ്ട സംഭവങ്ങളുടെ സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആര് അജിത് കുമാറിന് വീഴ്ചകള്‍ സംഭവിച്ചതായി ചൂണ്ടിക്കാണിച്ചിരുന്നു. ആ റിപ്പോര്ട്ടിന്മേലുള്ള വിശദമായ അന്വേഷണത്തിന് അന്ന് ഡിജിപി ശുപാര്‍ശ ചെയ്താണ്. ആ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അട്ടിമറിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പുതിയ റിപ്പോര്‍ട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ഗിമ്മിക്കാണെന്നും അന്‍വര്‍ ആരോപിച്ചു.
ഈ പ്രഹസന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഒരു കാരണവശാലും അംഗീകരിക്കരുത്. ജനങ്ങളുടെ മുന്നില്‍ എല്ലാം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. സത്യം മൂടിവെക്കാന്‍ കഴിയില്ല എന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: P V Anvar has criticised the Crime Branch report on the Thrissur Pooram disruption, alleging that it conceals the truth and shields those responsible. He urged the Kerala government not to accept the report, claiming it contradicts earlier findings that pointed to lapses by ADGP M R Ajith Kumar