

തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് സര്ക്കാര് കോടതിയില് സ്വീകരിച്ച നിലപാടില് കോണ്ഗ്രസിനുള്ളില് ഭിന്നത രൂക്ഷം. എതിര്ത്തും പിന്തുണച്ചും നേതാക്കള് രംഗത്ത് വന്നു. പിണറായി വിജയന് സര്ക്കാര് സംരക്ഷണം ഒരുക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി ഭരിച്ചപ്പോള് ഉമ്മന്ചാണ്ടിക്ക് നീതി ലഭിച്ചില്ലെന്നും സര്ക്കാരിനെ വിമര്ശിക്കുന്നതില് വിലക്കുണ്ടെന്നും വി ആര് അനൂപ് പറഞ്ഞു. എന്നാല് സര്ക്കാര് നിലപാടില് ഒരു തെറ്റുമില്ലെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്. ഇഡിയെ വിശ്വാസമില്ലെന്ന പ്രഖ്യാപിത നിലപാടാണ് സര്ക്കാര് ഉയര്ത്തിപ്പിടിച്ചതെന്നും സര്ക്കാര് പിണറായി വിജയനെ സഹായിച്ചോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും കെ പി നൗഷാദ് അലി എംഎല്എ റിപ്പോര്ട്ടറിനോട് പറഞ്ഞു. പിണറായി വിജയനെതിരെ രാഷ്ട്രീയ വൈരാഗ്യം തീര്ക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും.
പിണറായി വിജയനെതിരെ ആളുകള് നടക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യം ഇവിടെ നടന്നു കഴിഞ്ഞെന്നും കെ പി നൗഷാദ് അലി പറഞ്ഞു. രാഷ്ട്രീയ അന്തസിന് വിരുദ്ധമായി ഒരു നിലപാട് കോണ്ഗ്രസ് സ്വീകരിക്കില്ല. ഇഡി കേസ് എടുക്കണമെന്ന് പറയുമ്പോള് വെള്ളം തൊടാതെ വിഴുങ്ങുന്ന നിലപാടല്ല കോണ്ഗ്രസ് സര്ക്കരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എന്നാല് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മന്ചാണ്ടിക്ക് നീതി കിട്ടിയിട്ടില്ല എന്നാണ് വി ആര് അനൂപ് പറഞ്ഞത്. സര്ക്കാരിനെ വിമര്ശിക്കുന്നതില് കെപിസിസിയുടെ മീഡിയ പാനലിസ്റ്റുകള്ക്ക് ഇപ്പോള് വിലക്കുണ്ട്. ഉമ്മന്ചാണ്ടി ഭരിച്ചപ്പോള് അന്ന് മാധ്യമങ്ങളില് പാര്ട്ടി മുഖമായി വന്നവര് ഇത്തരം നിയന്ത്രണങ്ങള് പാലിച്ചിരുന്നോ എന്ന ചോദ്യം നിലവിലുണ്ട്. പാര്ട്ടിക്ക് പുറത്തും പാര്ട്ടിക്ക് അകത്തും നീതി കിട്ടാതെ പോയ ഒരാളാണ് ഉമ്മന്ചാണ്ടി എന്നും എല്ലാം ദൈവം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ദൈവത്തില് വിശ്വസിച്ചിരുന്നില്ല എന്നാല് ദൈവവിശ്വാസം ഉള്ള നെഹ്റുവിയന് സോഷ്യലിസ്റ്റുകള് ഉണ്ടല്ലോ എന്നും വി ആര് അനൂപ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ പരിഹാസം ഉന്നയിച്ചു.
കേസിലെ സര്ക്കാര് നിലപാട് പാര്ലമെന്ററി പാര്ട്ടി യോഗത്തില് അടക്കം വലിയ വാക്ക് പോരിന് കാരണമായിരുന്നു. ജിന്റോ ജോണ് അടക്കമുള്ള വക്താക്കള് നേരത്തെ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. സിഎംആര്എല് എക്സാലോജിക് കേസിലെ മാത്രമായുള്ള ഒരു തര്ക്കമല്ല നിലവില് ഉള്ളത് എന്നാണ് ഒടുവില് ബി ആര് അനൂപ് പരാമര്ശത്തില് വ്യക്തമാകുന്നതെന്നാണ് വിലയിരുത്തല്. ഉമ്മന് ചാണ്ടിയുടെ കാലത്തെ കൂടി പരാമര്ശിച്ച് വി ഡി സതീശനെതിരായ ഒരു തുറന്ന ആക്രമണമാണ് ഒരു വിഭാഗം നേതാക്കള് നടത്തുന്നത്.
കൈക്കൂലി ആരോപണത്തിലും ഹവാല ആരോപണത്തിലും പിണറായി വിജയനും വീണ ടിക്കും റിയാസുനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഡിജിപ്പ് കത്ത് കൊടുത്തിരുന്നെങ്കിലും എഫ്ഐആര് രജിസ്റ്റര് ചെയ്യാതെ പ്രാഥമിക അന്വേഷണം ആദ്യം മതിയെന്നായിരുന്നു സര്ക്കാര് നിലപാട്. പിന്നാലെ എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന് സിംഗിള് ബെഞ്ച് വിധി വന്നതിന് പിന്നാലെയാണ് പിണറായി വിജയനും വീണ ടിക്കും മുഹമ്മദ് റിയാസിനുമെതിരെ വിജിലന്സ് രണ്ട് എഫ്ഐആറുകള് രജിസ്റ്റര് ചെയ്യുന്നത്. ഇതിനെതിരെ പ്രതി ചേര്ക്കപ്പെട്ടവര് അപ്പീലിന് അനുമതി തേടി ഡിവിഷന് ബെഞ്ചിനെ സമീപിച്ച ഘട്ടത്തില് പിണറായിക്കെതിരെ ഇഡി തന്ന തെളിവുകളില് സംശയം ഉണ്ടായിരുന്നെന്ന് സര്ക്കാര് നിലപാടെടുത്തിരുന്നു.
അതിനാലാണ് പ്രഥമിക അന്വേഷണം നടത്തിയതെന്നും സര്ക്കാര് വ്യക്തമാക്കിയിരുന്നു. കൂടാതെ പരാതിക്കാരനായ കെ എം ഷാജഹാന് സത്യസന്തനായ വ്യവഹാരി അല്ലെന്ന നിലപാട് ഹര്ജിക്കാരും സര്ക്കാരും ഒരുപോല സ്വീകരിച്ചിരുന്നു. എന്നാല് പിണറായി വിജയനെതിരായാണ് ഡിവിഷന് ബെഞ്ച് വിധി വന്നത്. ഇതിന് പിന്നാലെ വാര്ത്താ സമ്മേളനം നടത്തിയ കോണ്ഗ്രസ് നേതാവ് മാത്യു കുഴല് നാടന് സര്ക്കാര് നിലപാട് തിരുത്തേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല് സര്ക്കാര് പക്വതയോടെയാണ് നിലപാട് സ്വീകരിച്ചതെന്നും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. പിണറായിക്ക് അനുകൂലനമായി നിലപാട് സ്വീകരിക്കുന്ന സര്ക്കാര് ഉമ്മന് ചാണ്ടിക്ക് നീതി നിഷേധിക്കപ്പെട്ടത് മറന്നു എന്നായിരുന്നു ജിന്റോ ജോണിന്റെ വിമര്ശനം.
Content Highlights: Congress leaders have expressed differing views on the government’s position in the CMRL-Exalogic case. One section argues that the government should not protect Pinarayi Vijayan, while another defends its stand, saying it reflects the party’s stated lack of trust in the Enforcement Directorate. V R Anoop criticised the restrictions on questioning the government, while MLA KP Noushad Ali said the question of whether the government helped Vijayan was not relevant.