

രാവിലെ ജോലിക്ക് പോകുമ്പോള് ലാപ്ടോപ്പും ഫയലുകളും കുടയും വെള്ളക്കുപ്പിയുമെല്ലാം ബാഗില് കുത്തിനിറയ്ക്കുന്നവരാണോ നിങ്ങള്? ബാഗ് എടുക്കുമ്പോള് സൗകര്യത്തിനായി ഒരേ തോളില് മാത്രം തൂക്കുന്നതും പതിവായിരിക്കാം. ആദ്യം വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടില്ലെങ്കിലും ദീര്ഘനേരം ഈ ശീലം തുടരുന്നത് ശരീരത്തിലെ പേശികള്ക്ക് അധിക സമ്മര്ദം നല്കാം. പ്രത്യേകിച്ച് ഭാരമുള്ള ബാഗുകള് ദിവസവും ഒരേ തോളില് തൂക്കി ദീര്ഘദൂരം യാത്ര ചെയ്യുന്നവര്ക്ക് കഴുത്തുവേദന, തോളിലെ വേദന, നടുവിന് മുകള് ഭാഗത്തെ വേദന തുടങ്ങിയ പ്രശ്നങ്ങള് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്ത്താന് നട്ടെല്ലും പേശികളും ഒരുമിച്ച് പ്രവര്ത്തിക്കുന്നു. എന്നാല് ഭാരമുള്ള ബാഗ് ഒരു തോളില് മാത്രം തൂക്കുമ്പോള് ശരീരത്തിന് ആ ഭാരം താങ്ങാനും ബാലന്സ് നിലനിര്ത്താനും കൂടുതല് കഷ്ടപ്പെടേണ്ടിവരും. ബാഗിന്റെ ഭാരം താങ്ങുന്ന വശത്തെ തോള് ഉയര്ത്തിപ്പിടിക്കുകയോ ശരീരം മറുവശത്തേക്ക് ചരിക്കുകയോ ചെയ്തുകൊണ്ട് ശരീരം ഈ ഭാരവുമായി പൊരുത്തപ്പെടാന് ശ്രമിച്ചേക്കാം. ഇതോടെ കഴുത്തിലെയും തോളിലെയും നടുവിന്റെ മുകള് ഭാഗത്തെയും പേശികള്ക്ക് വ്യത്യസ്ത സമ്മര്ദം അനുഭവപ്പെടാം. ദീര്ഘനേരം ഇങ്ങനെ നടക്കുന്നത് പേശികള്ക്ക് ക്ഷീണം ഉണ്ടാക്കുകയും വേദനയും കാഠിന്യവും അനുഭവപ്പെടാന് കാരണമാവുകയും ചെയ്യാം. കഴുത്തിനോ തോളിനോ നടുവിനോ നേരത്തെതന്നെ പ്രശ്നങ്ങളുള്ളവര്ക്ക് അസ്വസ്ഥത കൂടുതലാകാനും സാധ്യതയുണ്ട്.

ഒരേ തോളില് ബാഗ് തൂക്കുന്നതുകൊണ്ടുമാത്രം നട്ടെല്ലിന് ഗുരുതരമായ തകരാര് സംഭവിക്കുമെന്ന് കരുതേണ്ടതില്ല. എന്നാല് ബാഗിന്റെ ഭാരം, അത് എത്രനേരം ചുമക്കുന്നു, ഒരാളുടെ ഇരിപ്പും നടപ്പും, വ്യക്തിയുടെ പേശികളുടെയും സന്ധികളുടെയും ആരോഗ്യം തുടങ്ങിയ ഘടകങ്ങള് പ്രശ്നത്തിന്റെ തീവ്രതയെ സ്വാധീനിക്കും. ഭാരമുള്ള ബാഗ് ദീര്ഘനേരം ഒരുവശത്ത് ചുമക്കുന്നത് കഴുത്തിലും തോളിലും മുകള്ഭാഗത്തെ നടുവിലും പേശീവേദനയും മുറുക്കവും ഉണ്ടാക്കാം. നേരത്തേ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവരും വ്യായാമമില്ലാത്ത ജീവിതശൈലി പിന്തുടരുന്നവരും കൂടുതല് ശ്രദ്ധിക്കണം. എന്നാല് ഒരേ തോളില് ബാഗ് തൂക്കിയാല് ഉടന് നട്ടെല്ല് വളയുകയോ ഡിസ്ക് തകരാര് സംഭവിക്കുകയോ ചെയ്യുമെന്ന് ഭയപ്പെടേണ്ടതില്ല. തുടര്ച്ചയായ വേദനയുണ്ടെങ്കില് സ്വയം രോഗനിര്ണയം നടത്താതെ ഡോക്ടറുടെ സഹായം തേടുകയാണ് ഉചിതം.
വിദ്യാര്ഥികള്- പുസ്തകങ്ങളും മറ്റും നിറച്ച ഭാരമുള്ള സ്കൂള് ബാഗുകള് ദീര്ഘനേരം ചുമക്കുന്ന കുട്ടികള് ബാഗിന്റെ ഭാരത്തിലും ഉപയോഗിക്കുന്ന രീതിയിലും ശ്രദ്ധിക്കണം.
ജോലിക്കാര്- ലാപ്ടോപ്പ്, ചാര്ജര്, ഫയലുകള്, വെള്ളക്കുപ്പി എന്നിവയെല്ലാം ഒരേ ബാഗില് കൊണ്ടുപോകുന്നവര്ക്ക് തോളിലും കഴുത്തിലും അധിക സമ്മര്ദം അനുഭവപ്പെടാം.
ദിവസവും വളരെ ദൂരം യാത്ര ചെയ്യുന്നവര്-ബസ്, ട്രെയിന് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്ക്ക് ഭാരമുള്ള ബാഗ് ദീര്ഘനേരം ചുമക്കേണ്ടിവരാം. ഇത്തരം സാഹചര്യങ്ങളില് ശരിയായ ബാഗ് തിരഞ്ഞെടുക്കുന്നതും ഭാരം കുറയ്ക്കുന്നതും പ്രധാനമാണ്.
നേരത്തേ കഴുത്തിനോ നടുവിനോ വേദനയുള്ളവര്-ഇത്തരം പ്രശ്നങ്ങളുള്ളവര് ബാഗിന്റെ ഭാരവും ചുമക്കുന്ന രീതിയും പ്രത്യേകം ശ്രദ്ധിക്കണം.

ആവശ്യമുള്ള സാധനങ്ങള് മാത്രം കരുതുക
ബാഗില് ദിവസവും ഉപയോഗിക്കാത്ത സാധനങ്ങള് ഉണ്ടെങ്കില് അവ ഒഴിവാക്കുക. അനാവശ്യമായി ഭാരം കൂട്ടുന്നത് ഒഴിവാക്കുന്നത് തോളിലെയും കഴുത്തിലെയും സമ്മര്ദം കുറയ്ക്കാന് സഹായിക്കും.
ബാക്ക്പാക്ക് ഉപയോഗിക്കുമ്പോള് രണ്ട് സ്ട്രാപ്പുകളും ഇടുക
രണ്ട് തോളുകളിലുമായി ഭാരം വിതരണം ചെയ്യാന് കഴിയുന്ന ബാക്ക്പാക്കുകള് തിരഞ്ഞെടുക്കുക. ഒരു സ്ട്രാപ്പ് മാത്രം ഉപയോഗിച്ച് ബാഗ് തൂക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
സ്ട്രാപ്പുകള് ശരിയായി ക്രമീകരിക്കുക
ബാക്ക്പാക്ക് ശരീരത്തോട് ചേര്ന്നുനില്ക്കുന്ന രീതിയില് ധരിക്കുക. ബാഗ് വളരെ താഴേക്ക് തൂങ്ങിക്കിടക്കാതിരിക്കാന് സ്ട്രാപ്പുകള് ക്രമീകരിക്കാം.
ഒറ്റ സ്ട്രാപ്പുള്ള ബാഗാണെങ്കില് വശം മാറ്റുക
ഹാന്ഡ്ബാഗോ സ്ലിങ് ബാഗോ ആണ് ഉപയോഗിക്കുന്നതെങ്കില് ഒരേ തോളില് ദീര്ഘനേരം തൂക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ വശം മാറ്റുകയും കഴിയുമെങ്കില് ഭാരം കുറഞ്ഞ ബാഗ് തിരഞ്ഞെടുക്കുകയും ചെയ്യുക.
വ്യായാമവും ശരിയായ ശരീരനിലയും ശീലമാക്കുക
നടത്തം, പേശികള്ക്ക് ബലം ലഭിക്കുന്ന വ്യായാമങ്ങള്, ശരിയായ ഇരിപ്പും നടപ്പും എന്നിവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്. വ്യായാമം ചെയ്യുമ്പോള് വേദന അനുഭവപ്പെടുന്നുണ്ടെങ്കില് അത് അവഗണിക്കരുത്.

ബാഗ് ചുമന്നതിനുശേഷം ഇടയ്ക്കിടെ കഴുത്തിലോ തോളിലോ നടുവിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കില് ആദ്യം ബാഗിന്റെ ഭാരം കുറയ്ക്കുകയും ചുമക്കുന്ന രീതി മാറ്റുകയും ചെയ്യുക. വേദന ആവര്ത്തിക്കുകയോ ദിവസങ്ങളോളം തുടരുകയോ ചെയ്താല് ഡോക്ടറുടെ പരിശോധന തേടണം.
കൈകളിലേക്ക് പടരുന്ന വേദന, മരവിപ്പ്, കൈകള്ക്ക് ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങള് ഉണ്ടെങ്കിലും വൈദ്യസഹായം തേടണം. പെട്ടെന്ന് ശക്തമായ വേദനയോ കൈകാലുകളുടെ ബലക്കുറവിനൊപ്പം നടക്കാനുള്ള ബുദ്ധിമുട്ടോ മൂത്രമൊഴിക്കുന്നതിലോ മലവിസര്ജനത്തിലോ നിയന്ത്രണപ്രശ്നങ്ങളോ ഉണ്ടാകുകയാണെങ്കില് അടിയന്തര ചികിത്സ ആവശ്യമാണ്.
(ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല് ഉപദേശത്തിന് പകരമാകില്ല. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Many people have a habit of carrying their bags on the same shoulder—whether they are heading to the office, going shopping, or traveling to college. Can carrying a bag on the same shoulder cause injury to the spine?