

സ്മാര്ട്ട്ഫോണും ഇന്റര്നെറ്റ് ബാങ്കിങ്ങും ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ ഓണ്ലൈന് സാമ്പത്തിക തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. ബാങ്കില് നിന്ന് പണം പിന്വലിച്ചെന്ന വ്യാജ സന്ദേശങ്ങള് അയച്ച് ആളുകളെ പരിഭ്രാന്തരാക്കുന്നതും തട്ടിപ്പുകാര് ഉപയോഗിക്കുന്ന മാര്ഗങ്ങളിലൊന്നാണ്. വാട്സ്ആപ്പിലൂടെ എത്തുന്ന ഇത്തരം സന്ദേശങ്ങളില് വീഴാതിരിക്കാന് ഉപയോക്താക്കള് പ്രത്യേകം ശ്രദ്ധിക്കണം. അക്കൗണ്ടില് നിന്ന് പണം നഷ്ടപ്പെട്ടതായി അറിയിച്ചുകൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശത്തിന് NO എന്ന് മറുപടി അയയ്ക്കാന് ആവശ്യപ്പെടുന്നതാണ് ഇപ്പോള് ചര്ച്ചയാകുന്ന തട്ടിപ്പ് രീതി.
അപരിചിതമായ നമ്പറില് നിന്ന് ബാങ്ക് അക്കൗണ്ടില് നിന്ന് പണം നഷ്ടപ്പെട്ടതായി അറിയിച്ചുകൊണ്ട് സന്ദേശം ലഭിക്കുന്നു. ഈ ഇടപാട് നടത്തിയത് നിങ്ങളാണോ എന്നും ചോദിച്ചേക്കാം. ഇടപാട് നടത്തിയിട്ടില്ലെങ്കില് NO എന്ന് മറുപടി നല്കാനായിരിക്കും നിര്ദേശം. അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്ന ഭയത്തില് പലരും സന്ദേശം പരിശോധിക്കാതെ പ്രതികരിച്ചേക്കാം. തുടര്ന്ന് വ്യക്തിഗത വിവരങ്ങള് ആവശ്യപ്പെടുകയോ സംശയാസ്പദമായ ലിങ്കുകള് തുറക്കാന് പ്രേരിപ്പിക്കുകയോ വ്യാജ ആപ്പുകള് ഇന്സ്റ്റാള് ചെയ്യാന് ആവശ്യപ്പെടുകയോ ചെയ്യാം.
അതേസമയം വാട്സ്ആപ്പില് ഒരു സന്ദേശത്തിന് മറുപടി നല്കുന്നതുകൊണ്ടുമാത്രം സാധാരണ സാഹചര്യങ്ങളില് ഫോണില് മാല്വെയര് പ്രവര്ത്തിക്കില്ല. സംശയാസ്പദമായ ഫയലുകള്, വ്യാജ ആപ്പുകള്, സുരക്ഷാ വീഴ്ചകള്, രഹസ്യവിവരങ്ങള് ചോര്ത്താനുള്ള ശ്രമങ്ങള് എന്നിവയാണ് കൂടുതല് ഗൗരവമായി കാണേണ്ട അപകടങ്ങള്.

ബാങ്ക് അക്കൗണ്ട് നേരിട്ട് പരിശോധിക്കുക
അക്കൗണ്ടില് നിന്ന് പണം നഷ്ടപ്പെട്ടതായി സന്ദേശം ലഭിച്ചാല് ആദ്യം പരിഭ്രാന്തരാകാതെ ബാങ്കിന്റെ ഔദ്യോഗിക മൊബൈല് ആപ്പ് വഴിയോ ഇന്റര്നെറ്റ് ബാങ്കിങ് വഴിയോ ഇടപാടുകള് പരിശോധിക്കുക. സംശയകരമായ ഇടപാട് കണ്ടെത്തിയാല് ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമര് കെയറുമായി ബന്ധപ്പെടുക.
വാട്സ്ആപ്പ് സന്ദേശത്തില് നല്കിയ ലിങ്കുകളിലൂടെയോ ഫോണ് നമ്പറുകളിലൂടെയോ ബാങ്കിനെ ബന്ധപ്പെടുന്നത് ഒഴിവാക്കണം.
അപരിചിത നമ്പറുകളില് നിന്നുള്ള സന്ദേശങ്ങളോട് ജാഗ്രത പാലിക്കുക
ഉടന് മറുപടി നല്കിയില്ലെങ്കില് പണം നഷ്ടപ്പെടുമെന്നോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളെ സംശയത്തോടെ കാണണം. പരിചയമില്ലാത്ത നമ്പറില് നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്ക്ക് മറുപടി നല്കാതെ അതിന്റെ വിശ്വാസ്യത പരിശോധിക്കുന്നതാണ് ഉചിതം. 'NO' എന്ന് മറുപടി നല്കുന്നതു മാത്രം അക്കൗണ്ട് കാലിയാക്കുമെന്നതിന് സ്ഥിരീകരണമില്ലെങ്കിലും ഇത്തരം സന്ദേശങ്ങളോട് ഇടപഴകുന്നത് ഒഴിവാക്കുന്നത് സുരക്ഷിതമാണ്.

OTP, പിന് നമ്പര്, പാസ് വേഡ് എന്നിവ പങ്കുവയ്ക്കരുത്
ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വിളിക്കുന്നവരോടുപോലും OTP, ATM പിന് നമ്പര്, UPI പിന്, ഇന്റര്നെറ്റ് ബാങ്കിങ് പാസ് വേഡ്, കാര്ഡിന്റെ രഹസ്യവിവരങ്ങള് എന്നിവ പങ്കുവയ്ക്കരുത്. ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനെന്ന പേരില് സ്ക്രീന് ഷെയറിങ് നടത്താനോ ഫോണിന്റെ നിയന്ത്രണം മറ്റൊരാള്ക്ക് നല്കാനോ ആവശ്യപ്പെട്ടാലും ജാഗ്രത പാലിക്കണം.
വാട്സ് ആപ്പിലൂടെ ലഭിക്കുന്ന പരിചയമില്ലാത്ത ലിങ്കുകളില് ക്ലിക്ക് ചെയ്യുകയോ അജ്ഞാത ഉറവിടങ്ങളില് നിന്ന് ആപ്പുകള് ഡൗണ്ലോഡ് ചെയ്യുകയോ ചെയ്യരുത്. പ്രത്യേകിച്ച് APK ഫയലുകള് ഇന്സ്റ്റാള് ചെയ്യാനും ഫോണില് അധിക അനുമതികള് നല്കാനും ആവശ്യപ്പെടുന്ന സന്ദേശങ്ങള് ശ്രദ്ധിക്കണം. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്പുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതും സുരക്ഷാ ക്രമീകരണങ്ങള് പരിശോധിക്കുന്നതും നല്ലതാണ്.
വാട്സ് ആപ്പില് സംശയകരമായ സന്ദേശം ലഭിച്ചാല് ആ അക്കൗണ്ട് റിപ്പോര്ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും കഴിയും. അത്തരം സന്ദേശങ്ങള് മറ്റുള്ളവര്ക്ക് ഫോര്വേഡ് ചെയ്യാതിരിക്കുകയും വേണം. വാട്സ്ആപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷന് ഉള്പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള് സജീവമാക്കുന്നതും അക്കൗണ്ടിന്റെ സ്വകാര്യതാ ക്രമീകരണങ്ങള് പരിശോധിക്കുന്നതും സുരക്ഷ വര്ധിപ്പിക്കാന് സഹായിക്കും.

ഉടന് പരാതി നല്കുന്നത് പണം വീണ്ടെടുക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുമെങ്കിലും തുക തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല.
Content Highlights : Do not panic if you receive a message on WhatsApp falsely claiming that money has been lost from your bank account. Learn how to identify such messages and the steps you should take to keep your money safe.