

തിരുവനന്തപുരം: ഇ ഡി ചോദ്യം ചെയ്യലിന് പിണറായി വിജയന് 23 ന് ചോദ്യം ചെയ്യലിന് ഹാജരായോക്കില്ല. ഹാജരാകേണ്ടതില്ലെന്നാണ് പിണറായി വിജയന് ലഭിച്ച നിയമോപദേശം. കോടതി നടപടികള് നടക്കുന്ന സാഹചര്യത്തില് അസൗകര്യം അറിയിക്കാം. മുന്കൂര് ജാമ്യം ഈ ഘട്ടത്തില് തേടേണ്ടന്നും തീരുമാനമുണ്ട്. എന്നാല് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്സ് പിണറായി വിജയന് ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.
സുപ്രീംകോടതിയില് വിജിലൻസ് എഫ്ഐആര് രജിസ്റ്റര് ചെയ്ത കോടതി തീരുമാനത്തിനെതിരെ റിട്ട് പെറ്റീഷന് ഫയല് ചെയ്തിട്ടുണ്ട്. അതില് തീരുമാനമാകുന്നതു വരെ അസൗകര്യങ്ങള് അറിയിക്കുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഏതെങ്കിലും സാഹചര്യത്തില് മുന്കൂര് ജാമ്യാപേക്ഷ സമര്പ്പിക്കേണ്ടതുണ്ടോ അറസ്റ്റിലേക്ക് പോകുമോ എന്നതെല്ലാം പരിശോധിച്ചിട്ടുണ്ട്. എന്നാല് ഈ ഘട്ടത്തില് മുന്കൂര് ജാമ്യാപേക്ഷ നല്കേണ്ടതില്ല എന്നാണ് അഭിഭാഷക സംഘം പിണറായി വിജയന് നല്കിയിരിക്കുന്ന ഉപദേശം.
കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര് ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തിരുന്നു. വിജിലന്സ് കേസെടുത്തതിന്റെ ചുവടുപിടിച്ചായിരുന്നു ഇ ഡി നടപടി. കള്ളപ്പണം വെളുപ്പിക്കല് തടയല് പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില് അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്സി കേസ് രജിസ്റ്റര് ചെയ്യേണ്ടതുണ്ട്. വിജിലന്സിന്റെ രണ്ട് എഫ്ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു.
Content Highlights: Pinarayi Vijayan may not appear for ED questioning on October 23 in the CMRL-Exalogic case, following legal advice as his Supreme Court petition remains pending