

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെതിരെ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍. നിയമപരമായും രാഷ്ട്രീയപരമായും നടത്തിയ പോരാട്ടത്തിന് അനുകൂലമായ വിധിയുണ്ടായെന്നും വിധിയെ സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുകയാണെന്നും മാത്യൂ കുഴല്‍നാടന്‍ പ്രതികരിച്ചു. മൂന്ന് കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോഴും അനുകൂല വിധി വരുമെന്ന് വിശ്വാസമുണ്ടായിരുന്നു. മാസപ്പടി കേസില്‍ നടന്ന അഴിമതിക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കണം. 'ട്രൂത്ത് ഈസ് വെറി പവര്‍ ഫൂള്‍' എന്ന് പറയേണ്ട സമയമാണിതെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.
മൂന്ന് വര്‍ഷമായി പറഞ്ഞ കാര്യത്തിന് ആധികാരികമായി കോടതി വിധി കൂടി വന്നെന്ന് പറഞ്ഞാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഹൈക്കോടി ഉത്തരവില്‍ പ്രതികരിച്ചത്. രേഖകള്‍ പരിശോധിച്ചാണ് കോടതി വിധി വന്നത്. പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് പദവി രാജി വെക്കണം. ധാരാളം മഹാന്മാര്‍ ഇരുന്ന പദവിയാണ് അതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ രാജി വെച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം തെറ്റ് ചെയ്തില്ലെങ്കില്‍ പിണറായി കേസിനെ നേരിടണമെന്നാണ് മന്ത്രി കെ എം ഷാജി പറഞ്ഞത്. പിണറായിക്ക് കേസ് കൂളായി നേരിടാം. കളങ്കമില്ലെങ്കില്‍ ഭയപ്പെടേണ്ട കാര്യമില്ല. ആരുടെ പേരുണ്ടെങ്കിലും നിയമപരമായി നേരിടും. കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, പിണറായി വിജയന്‍ ആരുടെ പേരും വരട്ടെയെന്നും മന്ത്രി പറഞ്ഞു. തെരുവിലല്ല ഒരു കേസ് നേരിടേണ്ടതെന്ന് പറഞ്ഞ മന്ത്രി ഇ ഡിയുടേത് രാഷ്ട്രീയ വേട്ടയല്ലെന്നും വ്യക്തമാക്കി. ഇതെങ്ങനെ രാഷ്ട്രീയ പകപോക്കലാകുമെന്നും ഈ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മടിയില്‍ കനം ഇല്ലെങ്കില്‍ ഭയപ്പെടാതെ നില്‍ക്കാം, അല്ലെങ്കില്‍ കാറിന്റെ ചില്ല് തകര്‍ക്കുമെന്നും മന്ത്രി പരിഹസിച്ചു.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇ ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്ഐആർ എന്നതായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്ഐആർ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.
Content Highlights: Matthew Kuzhalnadan and Shone George have welcomed the order allowing a direct FIR to be registered against Pinarayi Vijayan.