മൂന്നാറില്‍ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായിക മേള; തെന്നി വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേ മത്സരം നടക്കുന്നതിനിടെ കുട്ടികള്‍ വീണ് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

മൂന്നാറില്‍ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായിക മേള; തെന്നി വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
dot image

ഇടുക്കി: ഇടുക്കി മൂന്നാറില്‍ സബ് ജില്ലാ കായിക മേള നടത്തിയത് കനത്ത മഴയ്ക്കിടെ. റിലേ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് തെന്നി വീണ് പരിക്കേറ്റു. കൊറണ്ടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേ മത്സരം നടക്കുന്നതിനിടെ കുട്ടികള്‍ വീണ് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടും മത്സരം തുടരുന്ന സാഹചര്യവും ഉണ്ടായി. ചെളിക്കുളമായി കിടക്കുന്ന ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഹൈ ആള്‍ട്ടിറ്റിയൂട്ട് സ്റ്റേഡിയം ഉള്ളപ്പോഴാണ് കൊറണ്ടിക്കാടുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ മേള സംഘടിപ്പിച്ചത്.

അതേസമയം മഴയ്ക്കിടയില്‍ മത്സരങ്ങള്‍ നടത്തിയ സംഭവം അറിഞ്ഞില്ലെന്ന പ്രതികരണമാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്നത്. ഉച്ചവരെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും താന്‍ മടങ്ങിയ ശേഷമാകാം ഇത്തരമൊരു നടപടി ഉണ്ടായതെന്നുമാണ് മൂന്നാര്‍ എഇഒ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.

സംഭവം ദേവികുളം എംഎല്‍എ എസ് രാജയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ വീണ്ടും സംഘടിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: A sub district sports meet was held in Munnar amid heavy rain, during which some students were injured after slipping. The event was conducted despite the challenging weather conditions

dot image
To advertise here,contact us
dot image