രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടു; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തന്റെ വീട്ടില്‍ പൊലീസ് എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടിരുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടു; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
dot image

പത്തനംതിട്ട: ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലാണ് യുവായ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോസ്റ്റ് ഇട്ടത്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനോടാണ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ന് രാവിലെ 10 മണിക്ക് ഹാജരാക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം. തന്റെ വീട്ടില്‍ പൊലീസ് എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടിരുന്നു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ പൊലീസ് പരിശോധന നടത്തിയെന്നും ആരോപണമുണ്ട്. തന്നെ വിമര്‍ശിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ 17 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് രാഹുലിനെതിരായ ആദ്യകേസ്. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ്. വിദേശത്ത് സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശിനിയെ സംസാരിക്കാനെന്ന വ്യാജേന തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ക്രൂരപീഡനത്തിനിരയാക്കിയതിലാണ് മൂന്നാമത്തെ കേസെടുത്തിട്ടുള്ളത്. ഗുരുതരവും ക്രൂരവുമായ ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളുമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അതിജീവിതമാര്‍ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അനുയായികളില്‍നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇവര്‍ നേരിടുന്നുണ്ടെന്ന് പരാതിയുണ്ട്.

Content Highlights: Adoor Police in Pathanamthitta have registered a case against a young man over an Instagram post concerning Rahul Mamkootathil. The post was shared through an Instagram account named Marbaro, and police have directed Al Rashid, a resident of Chirayinkeezhu who posted the video, to appear at the Adoor police station.

dot image
To advertise here,contact us
dot image