ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികള്‍ക്ക് സാധ്യത; പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷിക്കും

യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികള്‍ക്ക് സാധ്യത; പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷിക്കും
dot image

പാലക്കാട്: സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികള്‍ക്ക് സാധ്യത. വനിതാ പ്രവര്‍ത്തകയുടെ പരാതി പരിശോധിച്ച ശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി അന്വേഷണം വരാനാണ് സാധ്യത. പ്രത്യേക കമ്മീഷനെ വെച്ചാകും അന്വേഷിക്കുക. സംഘടനാപരമായി ഉയര്‍ന്ന പരാതികളും കമ്മീഷന്‍ അന്വേഷിക്കും.

അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ കമ്മീഷനെ നിശ്ചയിച്ചേക്കും. യുവ അഭിഭാഷകയുടെ ലൈംഗീക പരാതി ഗൗരവതരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി അപമാനിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്.

സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കണമെന്ന ശക്തമായ ആവശ്യം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ സുരേഷ് ബാബു തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം. അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. തുടര്‍നടപടികള്‍ പരാതികള്‍ പരിശോധിച്ച ശേഷമെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജില്ലയില്‍ നിന്നുള്ള കേന്ദ്ര, സംസ്ഥാന വനിതാ നേതാക്കള്‍ യുവതിയുടെ പീഡന പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ എന്‍ സുരേഷ് ബാബുവിന്റെ സെക്രട്ടറി സ്ഥാനം തെറിച്ചത്.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി പകരം വി ചെന്താമരാക്ഷനെയാണ് നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നതായി സുരേഷ് ബാബു പാര്‍ട്ടിയെ അറിയിച്ചുവെന്നും ഇതിനാല്‍ പകരം തന്നെ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി ചെന്താമരാക്ഷന്‍ ഇന്നലെ പ്രതികരിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്ന് സുരേഷ് ബാബുവും പറഞ്ഞിരുന്നു. ചെന്താമരാക്ഷന്‍ തന്നേക്കാള്‍ പ്രബലനായ ജില്ലാ സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

Content Highlights: Further party action is reportedly possible against E N Suresh Babu. A special commission is expected to investigate the matter before the party decides on additional action.

dot image
To advertise here,contact us
dot image