ക്രിസ്റ്റ്യാനോ തിരിച്ചെത്തുന്നു, വാതില്‍ തുറന്ന് പോര്‍ച്ചുഗല്‍ കോച്ച്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോര്‍ച്ചുഗല്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന് ജോര്‍ജ്ജ് ജീസസ്

ക്രിസ്റ്റ്യാനോ തിരിച്ചെത്തുന്നു, വാതില്‍ തുറന്ന് പോര്‍ച്ചുഗല്‍ കോച്ച്
dot image

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബുധനാഴ്ച പോര്‍ച്ചുഗല്‍ സ്‌ക്വാഡ് വിട്ടുപോയെങ്കിലും, അദ്ദേഹത്തിന് മടങ്ങിവരാനുള്ള വാതില്‍ തുറന്നുതന്നെ കിടക്കുകയാണെന്ന് കോച്ച് ജോര്‍ജ് ജീസസ്. സഹതാരങ്ങളോട് പറയാതെ ക്യാമ്പ് വിട്ടുപോയെങ്കിലും, ആഗ്രഹമുണ്ടെങ്കില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന് പോര്‍ച്ചുഗല്‍ കോച്ച് ജോര്‍ജ്ജ് ജീസസ് പറഞ്ഞു. നോര്‍വേക്കെതിരായ ജയത്തിന് പിന്നാലെയാണ് കോച്ച് ഇതിഹാസ താരത്തെ തിരിച്ചുവിളിച്ചത്.

മത്സരശേഷം സംസാരിച്ച ജീസസ്, റൊണാള്‍ഡോയെ ദേശീയ ടീമിലേക്ക് തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അത് കളിക്കാരന്റെ മാത്രം തീരുമാനമായിരിക്കുമെന്നും വ്യക്തമാക്കി. 'എന്നെ സംബന്ധിച്ചിടത്തോളം, അടുത്ത ടീം പ്രഖ്യാപനത്തില്‍ ക്രിസ് അല്‍-നസ്‌റിനായി കളിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ ടീമിലേക്ക് വിളിക്കാന്‍ സാധിക്കും' സൗദി ക്ലബ്ബിലെ റൊണാള്‍ഡോയുടെ പ്രകടനത്തെ പരാമര്‍ശിച്ചുകൊണ്ട് ജീസസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍, ദേശീയ ടീമിലേക്ക് തിരിച്ചെത്താം.'

നവംബറിലെ അടുത്ത മത്സരങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെടുകയാണെങ്കില്‍ റൊണാള്‍ഡോയോട് സംസാരിക്കുമെന്നും പരിശീലകന്‍ പറഞ്ഞു. 'അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കില്‍, ഈ മത്സരങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ സംസാരിച്ചതുപോലെ അടുത്ത ടീം പ്രഖ്യാപനത്തിന് മുന്‍പും സംസാരിക്കാം,' ജീസസ് തുടര്‍ന്നു. 'എന്നാല്‍ തീരുമാനമെടുക്കേണ്ടത് ക്രിസ് തന്നെയാണ്.' തന്റെ ടീം സെലക്ഷനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച റൊണാള്‍ഡോ ദേശീയ ടീം ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇത് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാക്കി.

പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകളും മത്സരങ്ങളും കളിച്ച റൊണാള്‍ഡോയെ സെപ്റ്റംബര്‍ 24ന് വെയ്ല്‍സിനെതിരായ നേഷന്‍സ് ലീഗ് ഉദ്ഘാടന മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ടായി പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 27 ന് നോര്‍വേയ്ക്കെതിരായ 2-1 ന്റെ വിജയത്തില്‍ അദ്ദേഹം പകരക്കാരുടെ ബെഞ്ചിലായിരുന്നെങ്കിലും കളത്തിലിറങ്ങിയില്ല. തുടര്‍ന്ന് ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിലും ബെഞ്ചിലായിരിക്കും എന്ന് അറിയിച്ചതോടെയാണ് റൊണാള്‍ഡോ സ്വകാര്യ വിമാനത്തില്‍ സൗദി അറേബ്യയിലേക്ക് മടങ്ങിയത്.

വ്യാഴാഴ്ച ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗല്‍ 4-2 ന് വിജയിച്ചെങ്കിലും, റൊണാള്‍ഡോയുടെ പെട്ടെന്നുള്ള മടക്കത്തെക്കുറിച്ചും അദ്ദേഹം ഇനി ദേശീയ ടീമിനായി കളിക്കുമോ എന്നതിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നു. ശനിയാഴ്ച നോര്‍വേയ്ക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി, ഈ വിഷയത്തില്‍ പോര്‍ച്ചുഗലില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. 'എക്കാലത്തെയും മികച്ച കളിക്കാരുടെ ഇടയില്‍ മാത്രമല്ല, എല്ലാ പോര്‍ച്ചുഗീസ് ജനതയുടെയും ഹൃദയത്തിലും അദ്ദേഹത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മള്‍ കാര്യങ്ങളെ വിഭജിക്കുന്നത് നിര്‍ത്തുക എന്നതാണ്' -ഫെര്‍ണാണ്ടസ് പറഞ്ഞു.

'ദേശീയ ടീമില്‍ ഭിന്നതകളൊന്നുമില്ല. പുറത്തുനിന്ന് എന്ത് ബഹളമുണ്ടായാലും ടീം ഒന്നായിത്തന്നെ തുടരും. ഞങ്ങള്‍ ഈ വിവാദങ്ങള്‍ക്ക് പുറത്താണ്. എന്നാല്‍ രാജ്യം ഭിന്നിക്കരുതെന്നും ഒരു പക്ഷം പിടിക്കരുതെന്നും എല്ലാ വശങ്ങളെയും ബഹുമാനിക്കണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന. ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്രിസ് എപ്പോഴും നമ്മുടെ ദേശീയ ടീമിന്റെ ഏറ്റവും വലിയ പ്രതീകമായിരിക്കും, അദ്ദേഹം എല്ലാവരുടെയും ബഹുമാനം അര്‍ഹിക്കുന്നുണ്ട്.' ഞായറാഴ്ചത്തെ നോര്‍വേ മത്സരത്തിന് ശേഷം റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുമെന്ന് ജീസസ് നേരത്തെ പറഞ്ഞിരുന്നു. ഈ ഫോര്‍വേഡ് 'പോര്‍ച്ചുഗലിന്റെ പ്രതീകമാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026 ലോകകപ്പിന് ശേഷം റോബര്‍ട്ടോ മാര്‍ട്ടിനസിന് പകരം പോര്‍ച്ചുഗല്‍ പരിശീലകനായെത്തിയ ജീസസ്, തന്റെ ആദ്യ മത്സരങ്ങളില്‍ റൊണാള്‍ഡോ സ്‌ക്വാഡില്‍ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായി വ്യക്തമാക്കി. 'ക്രിസ്റ്റ്യാനോ തന്റെ ദേശീയ ടീം കരിയര്‍ തനിക്ക് ഇഷ്ടമുള്ള രീതിയില്‍ അവസാനിപ്പിക്കണം; അത് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്,' ജീസസ് പറഞ്ഞു. 'ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചത് അങ്ങനെയാണ്- 'എനിക്ക് നിങ്ങളെ ആവശ്യമുണ്ട്' എന്ന് ഞാന്‍ പറഞ്ഞു. എന്റെ ആദ്യ ടീം പ്രഖ്യാപനത്തില്‍ ഞാന്‍ പറഞ്ഞു: 'എനിക്ക് നിങ്ങളെ ആവശ്യമുണ്ട്, നിങ്ങള്‍ എന്റെ അടുത്ത് ഉണ്ടാകണം. കളിച്ചാലും ഇല്ലെങ്കിലും എനിക്ക് നിങ്ങളെ ആവശ്യമുണ്ട്' ഇപ്പോഴും ഞാന്‍ അതുതന്നെയാണ് പറയുന്നത്.' 2003-ല്‍ 18-ാം വയസ്സില്‍ പോര്‍ച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ, ഫുട്‌ബോളില്‍ തന്റെ 'അവസാന വര്‍ഷമായിരിക്കാം' ഇതെന്ന് സൂചിപ്പിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായ അദ്ദേഹം ആറ് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. നവംബര്‍ 14 ന് ഡെന്‍മാര്‍ക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. തുടര്‍ന്ന് നവംബര്‍ 17 ന് വെയ്ല്‍സിനെതിരെ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകും. അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന പദവിയില്‍ റൊണാള്‍ഡോയുടെ ദീര്‍ഘകാല എതിരാളിയായ ലയണല്‍ മെസ്സി, ചൊവ്വാഴ്ച ബ്യൂണസ് അയേഴ്‌സില്‍ ബെനിനെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി തന്റെ അവസാന മത്സരം കളിക്കും.

content highlights: Cristiano Ronaldo Returning; Portugal Coach Keeps the Door Wide Open

dot image
To advertise here,contact us
dot image