നന്ദകുമാറിന്റെ പരാമർശം വക്രീകരിച്ചു, മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയിൽ വ്യാഖ്യാനിച്ചു: പിണറായി വിജയൻ

മത വിരോധത്തിന് മലപ്പുറത്ത് സ്ഥാനമില്ലെന്നും പിണറായി വിജയൻ പറഞ്ഞു

നന്ദകുമാറിന്റെ പരാമർശം വക്രീകരിച്ചു, മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയിൽ വ്യാഖ്യാനിച്ചു: പിണറായി വിജയൻ
dot image

പാലക്കാട്: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിന്റെ വിവാദ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പി നന്ദകുമാറിന്റെ പരാമര്‍ശം വക്രീകരിച്ച് മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയില്‍ വ്യാഖ്യാനിച്ചതായി പിണറായി വിജയന്‍ പറഞ്ഞു. മത വിരോധത്തിന് മലപ്പുറത്ത് സ്ഥാനമില്ല. എഴുപത് ശതമാനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. അതിശക്തമായ മത സൗഹാര്‍ദ്ദം കാണാം. എന്നാല്‍ മതമൗലികവാദം കാണാതിരിക്കാനാവില്ല. അക്കാര്യമാണ് നന്ദകുമാര്‍ പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഐഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

മലപ്പുറം ജില്ലയെ കടന്നാക്രമിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്ന് വിചിത്രമായ വാദം ഉയര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയാത്ത സ്ഥലമാണിത്. അതിശക്തമായ മതസൗഹാര്‍ദ നില ഇവിടെ നിലനില്‍ക്കുന്നു. എന്നാല്‍ ഇത് തകര്‍ക്കാന്‍ മതമൗലികവാദികള്‍ ശ്രമിക്കുകയാണ്. അതിന് ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാര്‍ പറഞ്ഞത്. പി നന്ദകുമാറിന്റെ സ്വാഗത പ്രസംഗം വക്രീകരിക്കാന്‍ ശ്രമിച്ചു. അതൊന്നും ഏശില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പി നന്ദകുമാറിന്റെ പരാമര്‍ശത്തെ തള്ളുന്ന നിലപാടായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐയും അടക്കം സ്വീകരിച്ചത്. നന്ദകുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ല എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഐഎം നിലപാട്. സംസ്ഥാന സെക്രട്ടറി പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും മലപ്പുറം ജില്ലയെ വര്‍ഗീയതയുടെ കൂടെന്ന് വിളിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നായിരുന്നു നന്ദകുമാര്‍ പ്രതികരിച്ചത്.

പൊന്നാനിയില്‍ നടന്ന സിപിഐഎം മലപ്പുറം ജില്ലാ വിപുലികൃത കമ്മിറ്റി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പി നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. 'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം', എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. നന്ദകുമാര്‍ ഈ പരാമര്‍ശം നടത്തുമ്പോള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും വേദിയില്‍ ഉണ്ടായിരുന്നു.

Content Highlights- Pinarayi Vijayan said P Nandakumar’s remarks were distorted and interpreted as though he had made a statement against Malappuram. The comments follow controversy over Nandakumar’s remarks at a CPM district meeting

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us