

കൊച്ചി: കളമശ്ശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. സ്പായിലെ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഉപദ്രവിച്ച ശേഷം പ്രതികള്‍ യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. കേസില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടതായാണ് കണ്ടെത്തല്‍. സ്പായിലെ ജോലി വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിന് വിളിച്ച ശേഷമായിരുന്നു പീഡനം. യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അഭിമുഖത്തിനായി കൊച്ചിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തുകയും പിന്നാലെ ലഹരി നൽകി പീഡിപ്പിക്കുകയുമായിരുന്നു. ഭീഷണിപ്പെടുത്താനായാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. പ്രതികൾക്ക് സ്പായുടെ മറവിൽ ലൈംഗിക കച്ചവടം നടത്തുന്നവരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
യുവതിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും ആശുപത്രിയില്‍ തുടരുകയാണെന്നും കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. രണ്ട് പേര് പിടിയിലായി. ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോലിക്ക് വേണ്ടി രാവിലെ അഭിമുഖം നടത്തി. ജോലിക്കെടുത്തു എന്ന് പിന്നീട് യുവതിയെ അറിയിച്ച് വൈകീട്ട് വീണ്ടും വിളിച്ചുവരുത്തി. മദ്യം നല്‍കിയാണ് പീഡിപ്പിച്ചത്. രാവിലെ ബോധം വന്നപ്പോഴാണ് പീഡന കാര്യം തിരിച്ചറിഞ്ഞത്. യുവതി പരാതി നല്‍കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നും സുഹൃത്തുക്കളുടെ പരാതിയിലാണ് കേസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളില്‍ ഒരാള്‍ക്ക് നാല് സ്പാ കേന്ദ്രങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. പ്രതികള്‍ മുന്‍പ് കേസുകളില്‍ പ്രതികളാണോ എന്ന് പരിശോധിക്കുകയാണ്. സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.
Content Highlights: A woman was allegedly attacked in Kalamassery after being called with a job offer. Two accused have been remanded in connection with the case.