തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വഴുതക്കാട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ
dot image

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജിലെ വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരാണ് പിടിയിലായത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വഴുതക്കാട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.

ബുധനാഴ്ച രാത്രിയായിരുന്നു തലസ്ഥാനം തെരുവ് യുദ്ധത്തിന് സമാനമായ സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സമരക്കാര്‍ തീപ്പന്തം അടക്കം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘര്‍ഷം മൂർച്ഛിച്ചു.

പിന്നീട് കോളേജ് കാമ്പസില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി രംഗത്തെത്തി. പിന്നാലെ സ്ഥിതി രൂക്ഷമായി. തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം തെരുവുയുദ്ധത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്.

തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു. കണ്ണൂരിലും കാസര്‍കോടുമായി വിവിധയിടങ്ങളില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് കയ്യാങ്കളിയില്‍ അവസാനിച്ചിരുന്നു. ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐഎം അറിവോടെയെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ വിമര്‍ശിച്ചത്.

Content Highlights: three sfi workers arrested along with the university issue at tvm

dot image
To advertise here,contact us
dot image