

പാലക്കാട്: കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറുകയും ഇതേ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരങ്ങള്‍ പഠനം നിര്‍ത്തുകയും ചെയ്തുവെന്ന
പരാതിയില്‍ ഇടപെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപിക വിവേചനപരമായി പെരുമാറിയതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ടറായിരുന്നു പുറത്തുവിട്ടത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ചന്ദന്‍ കുമാറും കുന്ദന്‍ കുമാറുമാണ് പഠനം നിര്‍ത്തിയത്. ഈ അധ്യയനവര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയ സഹോദരങ്ങളെ ക്ലാസില്‍നിന്ന് പുറത്താക്കിയെന്നും, ഇതര സംസ്ഥാനക്കാരെ സ്‌കൂളില്‍ പഠിപ്പിക്കില്ലെന്നും അധ്യാപിക പറഞ്ഞതായായിരുന്നു ആരോപണം. കുട്ടികളുടെ അമ്മ ചോട്ടു മഞ്ചിയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപിക കുട്ടികളെ അധിക്ഷേപിച്ചെന്നും ഇത് കുട്ടികളെ മാനസികമായി ബാധിച്ചതായും പരാതിയില്‍ ആരോപിച്ചിരുന്നു.
Content Highlights- The Kerala State Commission for Protection of Child Rights has registered a case following a complaint that a teacher behaved discriminatorily toward children from other states.