

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റിയത് ഒരു വനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. സുരേഷ് ബാബു മോശമായി പെരുമാറിയെന്ന് യുവതി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പരാതി ചര്‍ച്ചയ്ക്ക് എടുത്തതോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു.
അൽപം മുമ്പാണ് സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത്. മുൻ എംഎൽഎ വി ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം. ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ടി പി മുഹമ്മദ് മാസ്റ്റർ, കെ ജയദേവൻ, നാരായണൻകുട്ടി എൻ കെ, രാധാകൃഷ്ണൻ വടക്കാഞ്ചേരി, രമാധരൻ കൊല്ലങ്കോട്, പരമേശ്വരൻ അട്ടപ്പാടി, എ എൻ നീരജ്, ഷിബി കൃഷ്ണ എന്നിവരെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
പാലക്കാട്ടെ സിപിഐഎമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് കഴിഞ്ഞ ദിവസം വിമര്‍ശനം ഉയർന്നിരുന്നു. സിപിഐഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. തൃത്താല, കോങ്ങാട് അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഐഎമ്മിന്റെ തോല്‍വിക്ക് കാരണമായത് വിഭാഗീയതയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം വിഭാഗീയതയാണ് തൃത്താലയില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇടത് കോട്ടയായിരുന്ന കോങ്ങാട് പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടു. കോങ്ങാട് മണ്ഡലത്തില്‍ സിപിഐഎമ്മിന് മികച്ച സ്വാധീനമുള്ള പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ വോട്ട് വന്‍തോതില്‍ കുറഞ്ഞത് ഗുരുതര പ്രശ്‌നമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.
റിയല്‍ എസ്റ്റേറ്റ് മാഫിയയായി സിപിഐഎം മാറിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. നേതാക്കളുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനവുമായി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. തൃത്താല, കോങ്ങാട് ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കള്‍ക്കിടയിലെ വിഭാഗീയതയാണെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പുറമേയാണ് ഇ എൻ സുരേഷ് ബാബുവിനെതിരെ ഒരു വനിത പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയെന്ന വിവരം കൂടി പുറത്തുവരുന്നത്.
Content Highlights: palakkad cpm leader en suresh babu removed following complaint