പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തിയാല്‍ ആളുകള്‍ UPI ഉപേക്ഷിക്കുമോ?; സര്‍വേ ഫലം അറിയാം

2,000 രൂപയ്ക്ക് മുകളിലുള്ള ചില UPI ഇടപാടുകളില്‍ അധിക പണം ചോദിച്ചാല്‍ പണം നല്‍കാന്‍ ആളുകള്‍ തയ്യാറല്ലെന്ന് സര്‍വേ

പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തിയാല്‍ ആളുകള്‍ UPI ഉപേക്ഷിക്കുമോ?; സര്‍വേ ഫലം അറിയാം
dot image

രാവിലെ ചായയ്ക്ക് പണം നല്‍കുന്നതു മുതല്‍ വലിയ ഷോപ്പിങ്ങിനും ബില്ലുകള്‍ അടയ്ക്കുന്നതിനും വരെ ഇന്ന് പലരുടെയും കൈയിലെ പ്രധാന പേയ്മെന്റ് മാര്‍ഗമാണ് UPI. പണം കൈയില്‍ കരുതേണ്ട, കാര്‍ഡ് എടുക്കേണ്ട, പണത്തിന്റെ ബാക്കി ചോദിക്കേണ്ട… ഫോണ്‍ എടുത്ത് QR കോഡ് സ്‌കാന്‍ ചെയ്താല്‍ ഈസിയായി പണം കൈമാറാം.എന്നാല്‍ UPI പേയ്മെന്റിന് ഇനി ചാര്‍ജ് വരുമോ?, ചാര്‍ജ് വന്നാല്‍ ആളുകള്‍ UPI ഉപേക്ഷിക്കുമോ? എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ശക്തമാകുന്നത്.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ LocalCircles നടത്തിയ പുതിയ സര്‍വേയിലെ കണക്കുകള്‍ നോക്കുമ്പോള്‍, UPI ചാര്‍ജിന്റെ ഭാരം ഉപഭോക്താവിന്റെ മേല്‍ വന്നാല്‍ വലിയൊരു വിഭാഗം ആളുകളും മറ്റൊരു പേയ്മെന്റ് മാര്‍ഗത്തിലേക്ക് മാറാന്‍ സാധ്യതയുണ്ട്.

upi payments

76 ശതമാനം പേരും മറ്റൊരു വഴി തേടും

2,000രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റിന് കടക്കാരന്‍ അധിക തുക ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യും എന്നായിരുന്നു സര്‍വേയിലെ പ്രധാന ചോദ്യം. ഇതിന് ലഭിച്ച മറുപടികള്‍ ശ്രദ്ധേയമാണ്.

  • 27% പേര്‍ പണം (Cash) നല്‍കുമെന്ന് പറഞ്ഞു
  • 26% പേര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കും
  • 14% പേര്‍ ഡെബിറ്റ് കാര്‍ഡിലേക്ക് മാറും
  • 4% പേര്‍ ബാങ്ക് ട്രാന്‍സ്ഫര്‍, NEFT അല്ലെങ്കില്‍ IMPS തിരഞ്ഞെടുക്കും
  • 9% പേര്‍ അധിക ചാര്‍ജ് ഇല്ലാത്ത മറ്റൊരു പേയ്മെന്റ് മാര്‍ഗം ആവശ്യപ്പെടും
  • വെറും 14% പേര്‍ അധിക തുക നല്‍കിയാലും UPI തന്നെ ഉപയോഗിക്കുമെന്ന് പറഞ്ഞു

അതായത് ഉപഭോക്താവില്‍ നിന്ന് അധിക പണം ഈടാക്കിയാല്‍ ഭൂരിഭാഗം പേരും UPIക്ക് പകരം മറ്റൊരു മാര്‍ഗം തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.

UPI ഉപയോഗിക്കുന്ന എല്ലാവരില്‍നിന്നും ചാര്‍ജ് ഈടാക്കുമോ?

UPI ഉപയോഗിക്കുന്ന എല്ലാവരില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ പോകുന്നു എന്നല്ല ഇതിന്റെ അര്‍ഥം. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള (P2P) UPI ഇടപാടുകള്‍ തുടര്‍ന്നും സൗജന്യമാണ്. 2,000 രൂപ വരെയുള്ള സാധാരണ മര്‍ച്ചന്റ് പേയ്മെന്റുകളും സൗജന്യമായി തുടരും. ചെറിയ വ്യാപാരികള്‍ക്ക് ബാധകമായ ചില ഇടപാടുകള്‍ക്കും zero-MDR സംവിധാനം തുടരും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച് ഏകദേശം 96% മര്‍ച്ചന്റ് UPI ഇടപാടുകളെയും പുതിയ MDR (Merchant Discount Rate) ചട്ടം ബാധിക്കില്ല.

upi payments

എന്താണ് MDR?

MDR എന്നത് Merchant Discount Rate എന്നതിന്റെ ചുരുക്കപ്പേരാണ്.ഒരു വ്യാപാരി ഡിജിറ്റല്‍ പേയ്മെന്റ് സ്വീകരിക്കുമ്പോള്‍ അത് പ്രോസസ് ചെയ്യുന്നതിനായി പേയ്മെന്റ് സംവിധാനത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ഫീസാണ് MDR.പുതിയ സംവിധാനത്തില്‍ 2,000രൂപയ്ക്ക് മുകളിലുള്ള ചില മര്‍ച്ചന്റ് UPI ഇടപാടുകള്‍ക്ക് 0.4% MDR ബാധകമാകും.
പ്രധാനപ്പെട്ട കാര്യം: ഈ MDR ഉപഭോക്താവില്‍ നിന്ന് നേരിട്ട് ഈടാക്കാനുള്ള ചാര്‍ജല്ല. വ്യാപാരിയാണ് ഇത് വഹിക്കേണ്ടത് എന്നതാണ്.

2,000 രൂപ കൊടുത്താല്‍ എത്ര MDR

കണക്കു വളരെ ലളിതമാണ്.10,000 രൂപയുടെ ഇടപാടിന് 0.4% എന്ന നിരക്കില്‍ MDR കണക്കാക്കിയാല്‍ 40 രൂപ വരും. എന്നാല്‍ ഈ തുക ഉപഭോക്താവ് നേരിട്ട് നല്‍കണമെന്നില്ല. MDR വ്യാപാരിയുടെ ചെലവായാണ് കണക്കാക്കുന്നത്.

upi payments

വ്യാപാരികളും ആശങ്കയില്‍

ഉപഭോക്താക്കള്‍ മാത്രമല്ല വ്യാപാരികള്‍ക്കും MDR സംബന്ധിച്ച് ആശങ്കയുണ്ട്. LocalCircles നടത്തിയ മറ്റൊരു സര്‍വേയില്‍ 32,000ത്തിലധികം വ്യാപാരികളില്‍ നിന്നാണ് പ്രതികരണങ്ങള്‍ ലഭിച്ചത്. ഇതില്‍ 41% പേര്‍ തങ്ങള്‍ MDR നല്‍കാന്‍ തയ്യാറല്ലെന്ന് പറഞ്ഞു. 9% പേര്‍ UPI പേയ്മെന്റ് സ്വീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.0.4% MDR സ്വയം വഹിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത് വെറും 17% വ്യാപാരികളാണ്.

UPIയുടെ ഉപയോഗം കുറയുമോ?

UPI ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതിനാല്‍ ചെറിയ പേയ്മെന്റുകളില്‍ ഇതിന്റെ ഉപയോഗം പെട്ടെന്ന് കുറയാന്‍ സാധ്യത കുറവാണ്. എന്നാല്‍ വലിയ തുകയുള്ള ഇടപാടുകളില്‍ അധിക ചെലവ് ഉപഭോക്താവിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ ക്യാഷ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ മാര്‍ഗങ്ങളിലേക്ക് ആളുകള്‍ മാറാനുള്ള സാധ്യതയുണ്ട്. ഇതിനകം തന്നെ UPI ഇടപാടുകളുടെ എണ്ണത്തില്‍ ചെറിയ മാറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിലെ 24.51 ബില്യണ്‍ ഇടപാടുകളില്‍ നിന്ന് സെപ്റ്റംബറില്‍ ഇത് 24.07 ബില്യണായി കുറഞ്ഞു. ഏകദേശം 1.8% ഇടിവാണ് രേഖപ്പെടുത്തിയത്.

Content Highlights: Discussions are currently intensifying around whether charges will be introduced for UPI payments and whether people would abandon UPI if such charges were implemented

dot image
To advertise here,contact us
dot image