രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി സതീശൻ ​ഗവൺമെൻ്റ്: ബിനോയ് വിശ്വം

കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം യുഡിഎഫിലെയും തർക്കങ്ങളായി മാറി

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി സതീശൻ ​ഗവൺമെൻ്റ്: ബിനോയ് വിശ്വം
dot image

മലപ്പുറം: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി സതീശൻ ​ഗവൺമെൻ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ ഗാന്ധി യോഗം ചേർന്ന് പറഞ്ഞത് ഇൻഡ്യ സഖ്യത്തിലെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന്. എല്ലാവരും അത് ഏറ്റെടുത്തു. എന്നാൽ വൈകിട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ആ വാക്യം മാറിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ബിജെപിയുമായുള്ള ബന്ധം തകരാൻ പാടില്ല എന്ന വാശിയാണ് മുഖ്യമന്ത്രിക്കെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

ഈ പോക്ക് ശരിയല്ലെന്നാണ് യുഡിഎഫിന്റെ കൺവീനർ പറയുന്നത്. അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി കുറേ ബുദ്ധിമുട്ടും. മുഖ്യമന്ത്രിക്ക് സ്വന്തം പാർട്ടിയിൽ ഇനിയുള്ള ദിനങ്ങൾ സുഖകരം ആകാൻ വഴിയില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സംഘർഷഭരിതം ആയിരിക്കും യുഡിഎഫ് രാഷ്ട്രീയം. കൺവീനർക്ക് പോലും തൃപ്തിയില്ല. ഇനിയും പുകയും, പൊട്ടിത്തെറിക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം യുഡിഎഫിലെയും തർക്കങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗിനെ കൊണ്ടാണ് പി എം ശ്രീ ഉൾപ്പെടെയുള്ളവ ചെയ്യാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. അതിന്റെ കെണിയെപ്പറ്റി ലീഗിന് ബോധ്യം ഉണ്ടെങ്കിൽ അത് പറയാൻ നേരമായി. വിദ്യാഭ്യാസരംഗത്ത് ആർഎസ്എസിന്റെ അജണ്ടയ്ക്ക് വേണ്ടിയുള്ള നീക്കമാണ് പി എം ശ്രീ. ലീഗ് വഴങ്ങുമോ എന്നത് ലീഗ് പറയണം. എത്രകാലം വണങ്ങി കുനിഞ്ഞു പോകാൻ കഴിയുമെന്ന് ലീഗ് പറയണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Content Highlights: CPI leader Binoy Viswam alleged that the V D Satheesan government is ignoring Rahul Gandhi's political role and criticised its approach to Kerala politics

dot image
To advertise here,contact us
dot image