

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കിന്ന് ചരിത്രദിവസം. ഒറ്റ ദിനം ഇന്ത്യ വാരിക്കൂട്ടിയത് ആറ് സ്വർണം. ബോക്സിങിൽ മൂന്ന് സ്വർണം ഇടിച്ചു നേടിയപ്പോൾ, 44 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വനിതാ ഹോക്കിയിലും ഇന്ത്യ ജേതാക്കളായി. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.
ഏഷ്യൻ ഗെയിംസിന്റെ പതിമൂന്നാം ദിനം ഇന്ത്യയുടേതായിരുന്നു. ഇടിക്കൂട്ടിൽ മൂന്ന് സ്വർണമെന്ന ചരിത്ര നേട്ടം. വനിതകളുടെ 65 കിലോയിൽ പർവീൺ ഹൂഡ, 75 കിലോയിൽ ലവ്‌ലിന ബൊർഗോഹെയ്ൻ , പുരുഷന്മാരുടെ 80 കിലോയിൽ അങ്കുഷ് പങ്കൽ. തോറ്റത് ലോകചാമ്പ്യനും ഒളിമ്പിക് മെഡലിസ്റ്റുകളും അടക്കമുള്ളവർ. ലവ്ലിനയുടെ ഇരുപത്തിയൊമ്പതാം പിറന്നാളായിരുന്നു ഇന്ന്
ഇന്ത്യ കാത്തിരുന്ന സ്വർണം വനിതാ ഹോക്കിയിലും പിറന്നു. 1982ലെ പ്രഥമ ഏഷ്യൻ ഗെയിംസിന് ശേഷം 44 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വനിതാ ടീം ജേതാക്കളായി. ഒറ്റ ഗോളിന് വീഴ്ത്തിയത് നിലവിലെ ചാന്പ്യന്മാരായിരുന്ന ചൈനയെ. ലാൽറംസിയാമി ഗോളടിച്ചപ്പോൾ, ചൈനയുടെ പെനാൽറ്റി തടഞ്ഞ ഗോളി സവിതാ പുനിയയും രക്ഷകയായി.
പുരുഷന്മാരുടെ 65 കിലോ ഗുസ്തിയിൽ അവിശ്വസനീയ തിരിച്ചുവരവോടെ സുജിത് കാൽക്കൽ സ്വർണമണിഞ്ഞു. 2-9ന് പിന്നിലായപ്പോയ ശേഷം 8-0ന് തജികിസ്താൻ താരത്തെ മലർത്തിയടിച്ച പോരാട്ടവീര്യം. 2018ന് ശേഷം ഗോദയിലെ ആദ്യ സ്വർണം.
കുംകും മൊഹോദ്, അങ്കിത ഭകട്, കീർത്തി എന്നിവർ ചേർന്ന വനിതാ ടീം അമ്പെയ്ത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചു. ആറ് സ്വർണത്തിനൊപ്പം രണ്ട് വീതം വെള്ളിയും വെങ്കലവും കൂടി നേടിയ ഇന്ത്യയുടെ പട്ടികയിൽ ഇതോടെ 76 മെഡലുകളായി. 16 സ്വർണവും 25 വെള്ളിയും 35 വെങ്കലവുമാണ് സമ്പാദ്യം.
content highlights: asian games day 13 india gold rush boxing archery wrestling