

യുഎഇയിൽ സ്കൂൾ വളപ്പിൽ കുട്ടികളുടെയും മറ്റ് വിദ്യാർത്ഥികളുടെയും ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ട് കർശന നിർദ്ദേശം പുറപ്പെടുവിച്ച് സ്വകാര്യ സ്കൂളുകൾ. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രക്ഷിതാക്കൾക്ക് സ്കൂൾ മാനേജ്‌മെന്റുകൾ പ്രത്യേക സർക്കുലർ അയച്ചു. മറ്റ് രക്ഷിതാക്കളുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ കുട്ടികളുടെ ചിത്രങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
സ്വന്തം കുട്ടികളുടെ ചിത്രമെടുക്കുമ്പോൾ പശ്ചാത്തലത്തിൽ മറ്റ് കുട്ടികൾ ഉൾപ്പെടുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്കൂൾ പ്രിൻസിപ്പൽമാർ വ്യക്തമാക്കുന്നു. വ്യക്തിപരമായ ആവശ്യത്തിനെടുക്കുന്ന ഫോട്ടോകൾ പിന്നീട് ഡിജിറ്റൽ ഗ്രൂപ്പുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും എത്തുന്നതോടെ പ്രചരണം നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നു. സ്കൂൾ വളപ്പിൽ എത്തുന്ന രക്ഷിതാക്കൾക്ക് മറ്റ് കുട്ടികളുടെ ചിത്രങ്ങളെടുക്കാൻ അവകാശമില്ലെന്നും നിമിഷനേരം കൊണ്ട് ചിത്രീകരിക്കുന്ന ഫോട്ടോകൾ കുട്ടികളുടെ സാന്നിധ്യവും പശ്ചാത്തലവും അപരിചിതരിലേക്ക് എത്തുന്നതിന് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ക്ലാസ് മുറികളിൽ മാത്രമല്ല, സ്കൂൾ സമയത്തുടനീളം ഈ വിലക്ക് ബാധകമായിരിക്കും. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമായ സമയം, സ്കൂൾ അസംബ്ലികൾ, കോറിഡോറുകൾ, കളിക്കളങ്ങൾ തുടങ്ങിയ മുഴുവൻ സ്ഥലങ്ങളിലും ക്യാമറ ഉപയോഗത്തിന് നിയന്ത്രണമുണ്ട്. വിദ്യാർത്ഥികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയാണ് ഈ നടപടിയുടെ പ്രഥമ ലക്ഷ്യം.
നേരത്തെ ചിത്രീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളും എത്രയും വേഗം നീക്കം ചെയ്യാനും രക്ഷിതാക്കളോട് സ്കൂളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കുട്ടികളുടെ മുഖം വ്യക്തമാകുന്ന ദൃശ്യങ്ങൾ വീണ്ടും പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് പൂർണ്ണമായും തടയാൻ രക്ഷിതാക്കൾ സഹകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Content Highlights: Private schools in the UAE have restricted photography and video recording on campus to protect students’ privacy, with parental consent required for sharing images of children. Emirates 247