കോളടിച്ചത് കേരളത്തിനല്ല, ബെംഗളൂരുവിന്, ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ

ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്

കോളടിച്ചത് കേരളത്തിനല്ല, ബെംഗളൂരുവിന്, ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ
dot image

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഏകദേശം 16 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന ട്രെയിൻ ഈ മാസം തന്നെ സർവീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷകൾ ഏറെക്കാലമായി നിലനിന്നിരുന്നെങ്കിലും, നറുക്ക് വീണത് ഇത്തവണ ബെംഗളുരുവിനാണ്. ഈ മാസം തന്നെ സർവീസ് ആരംഭിച്ചേക്കുമെന്നാണ് സൂചനയെങ്കിലും കൃത്യമായ ഉദ്ഘാടന തീയതി റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

KSR ബെംഗളൂരുവിൽ നിന്ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്കാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. രാത്രി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയോടെ മുംബൈയിലെത്തുന്ന രീതിയിലായിരിക്കും സർവീസ്. നിലവിലെ താൽക്കാലിക സമയക്രമം അനുസരിച്ച് ബെംഗളൂരുവിൽ നിന്ന് രാത്രി 10 മണിയോടെ പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.50ഓടെ മുംബൈയിലെത്തുന്ന രീതിയിലാണ് പദ്ധതി.

തിരിച്ചുള്ള സർവീസ് മുംബൈയിൽ നിന്ന് രാത്രി 10.30ഓടെ പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ഓടെ ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് പരിഗണിക്കുന്നത്. എന്നാൽ അന്തിമ സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സർവീസിന് തിങ്കളാഴ്ചയും മുംബൈയിൽ നിന്ന് പുറപ്പെടുന്ന സർവീസിന് ചൊവ്വാഴ്ചയും സർവീസ് ഉണ്ടായിരിക്കില്ലെന്നാണ് നിലവിലെ നിർദേശം.

അനന്തപൂർ, ഗുണ്ടക്കൽ, റായ്ചൂർ, കലബുറഗി, സോളാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് നിർദേശിച്ചിരിക്കുന്ന പ്രധാന സ്റ്റോപ്പുകൾ. ഹുബ്ബള്ളി വഴി സർവീസ് നടത്തില്ല എന്നതും ശ്രദ്ധേയമാണ്. യാത്രാസമയമാണ് പുതിയ ട്രെയിനിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ യാത്ര ഏകദേശം 16 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ പ്രധാന നേരിട്ടുള്ള ട്രെയിനുകളിലൊന്നായ ഉദ്യാൻ എക്സ്പ്രസിന് ഈ ദൂരം പിന്നിടാൻ ഏകദേശം 22 മണിക്കൂർ വേണ്ടിവരുന്നുണ്ട്.

പുതിയ സർവീസിനായി രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻസെറ്റുകൾ ഉപയോഗിക്കാനാണ് പദ്ധതി. സോളാപൂരിലും പൂനെയിലും ആവശ്യമായ കോച്ചിംഗ് ടെർമിനൽ, വെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനുള്ള നടപടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ആദ്യ സർവീസ് ആവശ്യമെങ്കിൽ പ്രത്യേക ട്രെയിനായി നടത്താനും പിന്നീട് സ്ഥിരം സമയക്രമത്തിലേക്ക് മാറാനും സാധ്യതയുണ്ട്. എന്നാൽ കൃത്യമായ സർവീസ് ആരംഭിക്കുന്ന തീയതി, ടിക്കറ്റ് നിരക്ക്, ബുക്കിംഗ് ആരംഭിക്കുന്ന സമയം, അന്തിമ സമയക്രമം തുടങ്ങിയവ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ സർവീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും വ്യക്തമായേക്കും.

Content Highlights: Bengaluru-Mumbai Vande Bharat Sleeper to launch this month, travel time around 16 hours

dot image
To advertise here,contact us
dot image