

തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമമായ നോക്യാപ്പിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയില്‍ വിലക്കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. നോക്യാപ്പിനെ കടന്നാക്രമിക്കുന്നതിന് കാരണം വിമര്‍ശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സര്‍ക്കാരിന്റെ കടുത്ത അസഹിഷ്ണുത മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഏത് സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് എന്ന് മെറ്റ പറയുന്നില്ലെന്നും കേന്ദ്രത്തില്‍ സംഘപരിവാറും കേരളത്തില്‍ വി ഡി സതീശനും മാധ്യമങ്ങളോട് ഒരേ സമീപനമാണ് പുലര്‍ത്തുന്നത് എന്നതിനാല്‍ അത് പ്രസക്തമല്ലെന്നും തോമസ് ഐസക് പറഞ്ഞു. ആരായാലും അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നതെങ്കില്‍ അതിനെ കേരളം വകവെച്ചു തരില്ല. വമ്പന്‍ സംവിധാനങ്ങളും സാമ്പത്തിക പിന്തുണയുമൊന്നും ഇല്ലെങ്കിലും ഒരുനിമിഷം മടിച്ചുനില്‍ക്കാതെ പുതിയ പേജുമായി തങ്ങളുടെ മാധ്യമപ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ച നോക്യാപ് ടീമിനെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന്റെ (NOCAP) ഫേസ്ബുക്ക് പേജിന് സര്‍ക്കാര്‍ ഇടപെടലിലൂടെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഐ.ടി നിയമത്തിലെ സെക്ഷന്‍ 79(3)(b) ഉപയോഗിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് പേജ് പൂട്ടിയതെന്ന് മെറ്റ വിശദീകരിക്കുന്നു. എന്നാല്‍ എന്ത് നിയമലംഘനമാണ് നോക്യാപിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല.
NOCAP എന്ന ഡിജിറ്റല്‍ മീഡിയ സംവിധാനം ഏതെങ്കിലും തരത്തില്‍ മോശപ്പെട്ട ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു എന്ന ആക്ഷേപം ആര്‍ക്കും പറയാന്‍ കഴിയില്ല.
എന്നാല്‍, സത്യസന്ധമായും നിര്‍ഭയമായും വാര്‍ത്തകളും വിശകലനങ്ങളും ആകര്‍ഷകമായ വിധത്തില്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമമാണ്. പൊതുവേ ചെറുപ്പക്കാരും സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും മാധ്യമങ്ങള്‍ പോലും ആശ്രയിക്കുന്ന ഡിജിറ്റല്‍ മാധ്യമമാണ് NOCAP. അതിനെ കടന്നാക്രമിക്കുന്നതിന് ഒരു കാരണമേയുള്ളൂ, അത് വിമര്‍ശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സര്‍ക്കാരിന്റെ കടുത്ത അസഹിഷ്ണുത മാത്രമാണ്. ഏത് സര്‍ക്കാരിന്റെ നിര്‍ദേശമാണ് എന്ന് മെറ്റ പറയുന്നില്ല.
കേന്ദ്രത്തില്‍ സംഘപരിവാറും കേരളത്തില്‍ വി ഡി സതീശനും മാധ്യമങ്ങളോട് ഒരേ സമീപനമാണ് എന്നതിനാല്‍ അത് പ്രസക്തവുമല്ല. ആരായാലും അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നതെങ്കില്‍ അതിനെ കേരളം വകവെച്ചു തരില്ല.
വമ്പന്‍ സംവിധാനങ്ങളും സാമ്പത്തിക പിന്തുണയുമൊന്നും ഇല്ലെങ്കിലും ഒരുനിമിഷം മടിച്ചുനില്‍ക്കാതെ പുതിയ പേജുമായി തങ്ങളുടെ മാധ്യമപ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ച NOCAP ടീമിനെ അഭിവാദ്യം ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിച്ച് ആര്‍ജ്ജവത്തോടെ മുന്നോട്ടു പോകാന്‍ അവര്‍ക്ക് ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആവശ്യമുണ്ട്. എല്ലാവരും NOCAP നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Content Highlights: thomas isaac protests nocap facebook page ban by meta india