

വടകര: വടകര ലഹരിക്കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് പങ്കാളിയുടെ വെട്ടേറ്റ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. കീര്‍ത്തന തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന് പങ്കാളി ജെനീഷ് പൊലീസിനോട് പറഞ്ഞു. ക്വട്ടേഷന്‍ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്റെ വൈരാഗ്യമാണ് കീര്‍ത്തനയെ ആക്രമിക്കാന്‍ കാരണമെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാത്തിരുന്ന് ആക്രമിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തന നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രതി മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയോളം കത്തിയുമായി കീര്‍ത്തനയെ ആക്രമിക്കാന്‍ കാത്തിരിക്കുകയായിരുന്നു പ്രതിയെന്നാണ് മൊഴി. കീര്‍ത്തനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും പ്രതി വ്യക്തമാക്കിയിരുന്നു. പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ജെനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു.
ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ പ്രതി ആക്രമിച്ചത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. കുത്തേറ്റ കീര്‍ത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തീയതിയായിരുന്നു കീര്‍ത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍ ക്രിമിനല്‍ കേസുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
Content Highlights: vadakara case accused keerthana targeted live in partner new statement