

വൈഭവ് സൂര്യവംശി കൂടെ കളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തികച്ചും സത്യസന്ധമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ജുറെലും 15-കാരനായ ഓപ്പണിങ് താരം വൈഭവ് സൂര്യവംശിയും കളിക്കുന്നത്. 1.1 കോടി രൂപ നല്‍കി ടീമിലെത്തിച്ച അന്നുമുതല്‍ ചര്‍ച്ചാ വിഷയമായ ഈ കൗമാരക്കാരനെ രാജസ്ഥാന്‍ റോയല്‍സ് സീനിയര്‍ താരം ജുറെല്‍ വാനോളം പുകഴ്ത്തി. തുടര്‍ന്ന് ഈ അപൂര്‍വ്വ പ്രതിഭ ട്വന്റി-20 ടൂര്‍ണമെന്റിലെ മികച്ച പ്രകടനങ്ങളിലൂടെ ഫ്രാഞ്ചൈസി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു. ഇതിനിടയില്‍, ഇന്ത്യ അണ്ടര്‍-19, ഇന്ത്യ 'എ' ടീമുകള്‍ക്കായും മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് താരം അന്താരാഷ്ട്ര ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
'അവന്‍ എല്ലാ പ്രശംസകള്‍ക്കും അര്‍ഹനാണ്. അവന്‍ ചെയ്യുന്നത് നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. എല്ലാവരെയും അടിച്ചുപറത്തുന്ന 15 വയസ്സുള്ള ഒരു കുട്ടി… അത് ശരിക്കും 'വൗ' എന്ന് പറയാവുന്ന ഒന്നാണ്. സത്യസന്ധമായി പറഞ്ഞാല്‍, ഇവിടെ അസൂയക്ക് സ്ഥാനമില്ല, താരതമ്യവുമില്ല. താരതമ്യം ചെയ്യാന്‍ മാത്രം ഇവിടെ എന്താണുള്ളത്? അത് ചിന്തകള്‍ക്കും അപ്പുറമാണ്. സമാനമായ എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയുമെന്ന് തോന്നുമ്പോഴാണ് താരതമ്യങ്ങള്‍ ഉണ്ടാകുന്നത്. അവന്‍ അത്ര മികച്ച കളിക്കാരനാണ്, അവിശ്വസനീയമായ ഒരു കുട്ടി! ഞങ്ങള്‍ അത്ഭുതത്തോടെയാണ് അവന്റെ കളി നോക്കിനില്‍ക്കുന്നത്. അത് ബാറ്റര്‍മാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നു' -ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേ ധ്രുവ് ജുറെല്‍ പറഞ്ഞു.
സൂര്യവംശിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സംസാരിച്ചു. 'പവര്‍പ്ലേയില്‍ അവന്‍ തുടര്‍ച്ചയായി സിക്‌സറുകളും ഫോറുകളും അടിച്ചു കൂട്ടിക്കൊണ്ടിരിക്കും. അവന്‍ അടിക്കുന്നത് കാണുമ്പോള്‍ അവസരം കിട്ടിയാല്‍ നമ്മളും അതുപോലെ അടിച്ചു തുടങ്ങണം എന്ന് തോന്നിപ്പോകും' -ജുറെല്‍ പറഞ്ഞു. ജൂലായില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യവംശി, ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 3-0 ന് വിജയിച്ച പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
ഇംഗ്ലണ്ടിനെതിരെയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര പരമ്പരയില്‍ 14, 13, 15 എന്നിങ്ങനെയായിരുന്നു താരത്തിന്റെ റണ്‍സ്. തുടര്‍ന്ന് സിംബാബ്വെക്കെതിരായ പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരം, ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും പരമ്പരയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറികളുടെ സഹായത്തോടെ 151 റണ്‍സാണ് ആ ഇടങ്കയ്യന്‍ താരം അടിച്ചുകൂട്ടിയത്. എന്നിരുന്നാലും, തുടര്‍ന്നുവന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സൂര്യവംശിയെ ബെഞ്ചിലിരുത്താനും, അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം സഞ്ജു സാംസണിനെ ഓപ്പണറായി വീണ്ടും കൊണ്ടുവരാനുമാണ് ഇന്ത്യ തീരുമാനിച്ചത്. 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂര്യവംശി ഇടംപിടിച്ചിട്ടുണ്ടെങ്കിലും, സഞ്ജു സാംസണിന്റെ സാന്നിധ്യം കാരണം താരം വീണ്ടും ബെഞ്ചിലിരിക്കാനാണ് കൂടുതല്‍ സാധ്യത.
content highlights: 'No Jealousy, No Comparison': Indian Player Opens Up About Vaibhav Suryavanshi