

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് വിഷയത്തിൽ എഫ്‌ഐആര്‍ ഇടാത്തത് കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി നൽകിയ റിപ്പോർട്ട് പ്രകാരം കേസെടുക്കേണ്ടതല്ലേയെന്ന ഹൈക്കോടതിയുടെ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കോടതിയില്‍ ഇക്കാര്യം പറയും. കേസ് നിലവില്‍ കോടതിയിലാണ്. കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എന്ത് വേണമെന്ന് തീരുമാനിക്കേണ്ടതെന്നും പല കാര്യങ്ങളിലും അവ്യക്തതയുണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
എജി തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇഡി എഫ്‌ഐആര്‍ ഇടാമെന്നാണ് കോടതിയില്‍ പറയുന്നതെങ്കിലും അവര്‍ പറയുന്നത് പോലെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നും നിയമോപദേശം അനുസരിച്ചല്ലേ പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു. കോടതിയില്‍ നടപടികള്‍ പുരോഗമിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ലോകായുക്തയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു. താന്‍ ലോകായുക്തയുടെ യോഗം വിളിച്ചെന്ന അദ്ദേഹത്തിന്റെ ആരോപണം ശരിയല്ല. ലോകായുക്ത തന്നെ സമീപിച്ച് അവരുടെ ഭരണപരമായ കാര്യങ്ങള്‍ പരിശോധിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതിന് മുമ്പ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സാഹചര്യത്തില്‍ ലോകായുക്ത യോഗം വിളിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും സംഭവിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി എത്രയോ തവണ ചീഫ് ജസ്റ്റിസുമായി സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ കേസുകള്‍ അട്ടിമറിക്കാനാണോ എന്നും മന്ത്രി ചോദിച്ചു.
സ്വതന്ത്ര പ്രസ്ഥാനമായ ലോകായുക്തയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞ സര്‍ക്കാരാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു. ലോകായുക്തയുടെ പല്ലും നഖവും ഊരിക്കളഞ്ഞത് കഴിഞ്ഞ സര്‍ക്കാരാണെന്നും ഞങ്ങളാരുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകായുക്ത ആവശ്യപ്പെട്ടത് അനുസരിച്ച് ലോ സെക്രട്ടറി, ഹോം സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി ഉള്‍പ്പെടെയുള്ള യോഗത്തില്‍ തന്നെയും വിളിച്ചു, അവര്‍ക്ക് ഭരണപരമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അതില്‍ പരിഹാരം കാണാന്‍ മുന്‍കൈ എടുക്കണമെന്നുമാണ് ആവശ്യപ്പട്ടതെന്ന് മന്ത്രി പറഞ്ഞു. അവരുടെ പ്രശ്‌നങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വസ്തുത അറിയാതെയാണ് കാര്യങ്ങള്‍ പറയുന്നതെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇവിടെയാരും ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് അത് പഴയ അനുഭവം വെച്ച് പറയുന്നതായിരിക്കും.'- രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം ഡിവൈഎസ്പി ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്ത് താന്‍ അറിഞ്ഞുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് വിജിലന്‍സിന് ലഭിച്ച പരാതിയില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
Content Highlights: Kerala Home Minister Ramesh Chennithala said the government is not opposed to registering an FIR in the CMRL Exalogic case