

ലഖ്‌നൗ: ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനായി ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ. 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടുത്ത ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സീറ്റ് വിഭജന ചർച്ചയിൽ 150 സീറ്റുകൾ ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇരുപാർട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകൾ എങ്ങനെ വിഭജിക്കണമെന്നത് പ്രധാന തർക്കവിഷയമായി തുടരുകയാണ്. എന്നാൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അന്തിമ ധാരണയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും അനുമതി ആവശ്യമാണ്.
2022ൽ എൻഡിഎ സഖ്യം 5000ത്തിനും 10000ത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് വിജയിച്ച 69 മണ്ഡലങ്ങളാണ് യുപിയിൽ ഉള്ളത്. ഈ മണ്ഡലങ്ങളിൽ അടക്കം ബിജെപിക്ക് വെല്ലുവിളി ഉയർത്താനും രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് ഉൾപ്പെടെയുള്ള ഭരണവിരുദ്ധവികാരത്തിൻ്റെ ഭാഗമായ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാനും സഖ്യം വേണമെന്ന നിലയിലാണ് ഇരുപാർട്ടികളുടെയും നേതാക്കൾ സഖ്യചർച്ചകളുമായി മുന്നോട്ട് പോകുന്നത്. ഇതിൽ ഒൻപത് മണ്ഡലങ്ങളിൽ എൻഡിഎ ഭൂരിപക്ഷം 1000 വോട്ടിൽ താഴെയായിരുന്നു. ഒൻപത് സീറ്റിൽ 2000 വോട്ടിൽ താഴെയും മൂന്ന് സീറ്റിൽ 3000 വോട്ടിൽ താഴെയും മൂന്ന് സീറ്റിൽ 4000 വോട്ടിൽ താഴെയും ഏഴ് സീറ്റിൽ 5000 വോട്ടിൽ താഴെയും ഭൂരിപക്ഷത്തിനായിരുന്നു എൽഡിഎ വിജയം. 5000ത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് എൻഡിഎ വിജയിച്ച 38 സീറ്റുകളിലായിരുന്നു.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോൺഗ്രസ് സീറ്റ് വിഭജന ചർകളിലേയ്ക്ക് കടക്കാൻ ഒരുങ്ങുന്നത്. സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സാധ്യതയുള്ള സ്ഥാനാർഥികളെയും സംഘടനാ ശേഷിയെയും തിരിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം. ആദ്യ വിഭാഗത്തിൽ 150 മണ്ഡലങ്ങളാണ് കോൺഗ്രസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീറ്റ് വിഭജന ചർച്ചയിൽ ഈ മണ്ഡലങ്ങൾക്ക് മുൻഗണന നൽകിയ മത്സരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് കോൺഗ്രസിൻ്റെ നീക്കമെന്നാണ് റിപ്പോർട്ട്. 150 സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ധാരണയുടെ ഭാഗമായി മൂന്നിൽ ഒന്ന് സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസ് തയ്യാറായേക്കുമെന്നാണ് സൂചന. എന്നാൽ മത്സരിക്കാൻ ലഭിക്കുന്ന സീറ്റുകളുെട എണ്ണം 100ൽ താഴെയാകരുതെന്ന നിലപാടും കോൺഗ്രസിലുണ്ട്.
ഉത്തർപ്രദേശിലെ മുഴുവൻ 403 നിയമസഭാ മണ്ഡലങ്ങളിലും സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. ദളിത്, ബ്രാഹ്മണ വിഭാഗങ്ങളിലെ വോട്ടർമാരിൽ കൂടുതൽ സ്വാധീനം നേടുന്നതിനും അതീവ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനുമാണ് പ്രത്യേക ശ്രദ്ധ നൽകുന്ന നിലയിലാണ് താഴെതട്ടിലുള്ള പ്രവർത്തനം കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്.സീറ്റ് വിഭജന ചർച്ചകൾക്ക് മുന്നോടിയായി ഇരുപാർട്ടികളും സ്വന്തം നിലയിൽ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ശക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ഉണ്ടാകുക. സഖ്യചർച്ചകൾ നടക്കുമ്പോഴും, ആവശ്യമായാൽ വലിയൊരു വിഭാഗം സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തുന്നത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. 399 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 2.34 വോട്ട് ഷെയറോടെ രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ആർഎൽഡി, എസ്ബിഎസ്പി, അപ്നാ ദൾ (കെ) തുടങ്ങിയവരുമായി സസഖ്യമുണ്ടാക്കിയായിരുന്നു 2022ൽ സമാജ്‌വാദി പാർട്ടി മത്സരിച്ചത്. 347 സീറ്റിൽ മത്സരിച്ച സമാജ്‌വാദി പാർട്ടി 111 സീറ്റുകളിലാണ് വിജയിച്ചത്. 33 സീറ്റിൽ മത്സരിച്ച ആർഎൽഡി എട്ടെണ്ണത്തിലാണ് വിജയിച്ചത്. എസ്ബിഎസ്പി ആറ് സീറ്റുകളിലും വിജയിച്ചിരുന്നു.
ആപ്നാ ദൾ (എസ്), നിഷാദ് പാർട്ടി എന്നിവർ ഉൾപ്പെട്ട എൻഡിഎ സഖ്യമായിരുന്നു ബിജെപിയുടെ 2022ലെ കരുത്തി. 376 സീറ്റിൽ മത്സരിച്ച ബിജെപി 255 സീറ്റുകളിൽ വിജയിച്ചിരുന്നു. 17 സീറ്റിൽ മത്സരിച്ച അപ്നാ ദൾ 12 ഇടത്ത് വിജയിച്ചിരുന്നു. 16 സീറ്റിൽ മത്സരിച്ച നിഷാദ് പാർട്ടി ആറ് സീറ്റിലാണ് വിജയിച്ചത്. 273 സീറ്റിൽ വിജയിക്കാൻ എൻഡിഎ സഖ്യത്തിന് സാധിച്ചിരുന്നു.
Content Highlights: Congress and the Samajwadi Party are expected to begin discussions on seat sharing for the 2027 Uttar Pradesh Assembly election, with Congress leaders reportedly seeking a substantial number of seats, including claims of up to 150 seats