

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. ഗ്യാനേഷ് കുമാറിനെതിരെയുള്ള മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്ന് എഴുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യാനേഷ് കുമാര്‍ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ്കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ ക്രിമിനല്‍ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. ഗ്യാനേഷ് കുമാർ ബി.ജെ.പി ഏജൻ്റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ വേണ്ട. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജൻ്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും.
രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. തിരഞ്ഞെടുപ്പ് പ്രകിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിൻ്റെ തൊഴുത്തിൽ കെട്ടിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കും.
തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയർന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ്കുമാർ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമായി. ബി.ജെ.പിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ അധ:പതിപ്പിച്ച ഗ്യാനേഷ് കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തും.
Content Highlights: Kerala Chief Minister V D Satheesan has sharply criticised Chief Election Commissioner Gyanesh Kumar over the functioning of the Election Commission