ചിക്കൻ കഴിക്കാൻ ഇഷ്ടമാണോ?; ഒരു മാസം സ്ഥിരമായി ചിക്കൻ മാത്രം കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

കോഴിയിറച്ചി പ്രോട്ടീന്റെ വളരെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഒരു മാസം ചിക്കന്‍ മാത്രം കഴിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? ആദ്യം ഭാരം കുറയും, പക്ഷേ പിന്നീടോ?

ചിക്കൻ കഴിക്കാൻ ഇഷ്ടമാണോ?; ഒരു മാസം സ്ഥിരമായി ചിക്കൻ മാത്രം കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?
dot image

ചിക്കന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണമെന്ന നിലയില്‍ ജിമ്മില്‍ പോകുന്നവരും ഡയറ്റ് നോക്കുന്നവരുമെല്ലാം ചിക്കന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. അപ്പോള്‍ ഒന്ന് ആലോചിച്ച് നോക്കൂ. ഒരു മാസം മുഴുവന്‍ ചിക്കന്‍ മാത്രം കഴിച്ചാല്‍ എന്ത് സംഭവിക്കും?
ഭാരം കുറയ്ക്കാന്‍ ഇത് എളുപ്പവഴിയാകുമെന്ന് കരുതുന്നവരുണ്ടാകാം. എന്നാല്‍ ചിക്കന്‍ മാത്രം കഴിച്ച് മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കില്ല. പ്രോട്ടീന്‍ കിട്ടുമെങ്കിലും ശരീരത്തിന് ആവശ്യമായ ഫൈബര്‍, ചില വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയുടെ കുറവുണ്ടാകാം.

ആദ്യം വയറുനിറഞ്ഞതായി തോന്നാം

ചിക്കനില്‍ നല്ല അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ കൂടുതല്‍ സമയം വയറുനിറഞ്ഞതായി തോന്നാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ വിശക്കുന്ന ശീലം കുറയാം. പ്രത്യേകിച്ച് നേരത്തെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ കുറവായിരുന്ന ഒരാള്‍ ചിക്കന്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഈ മാറ്റം ശ്രദ്ധിക്കാം. എന്നാല്‍ പ്രോട്ടീന്‍ കൂടുതലായി കിട്ടുന്നു എന്നതുകൊണ്ട് മാത്രം ഭക്ഷണം സമ്പൂര്‍ണമാകില്ല.

eat only chicken consistently for a month

ഭാരം കുറയും പക്ഷേ കാരണം ചിക്കന്‍ മാത്രമല്ല

ഒരു മാസം ചിക്കന്‍ മാത്രം കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഭാരം കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിന് കാരണം ചിക്കന്‍ പ്രത്യേകമായി കൊഴുപ്പ് കളയുന്നു എന്നല്ല. ആകെ കഴിക്കുന്ന കലോറി കുറയുന്നതാണ് പ്രധാന കാരണം. അതേസമയം ചിക്കന്‍ ഫ്രൈ ചെയ്ത്, ധാരാളം എണ്ണയിലോ ബട്ടറിലോ ക്രീം അടങ്ങിയ ഗ്രേവിയിലോ കഴിച്ചാല്‍ കലോറി കൂടുകയോ ഭാരം കുറയാതിരിക്കുകയോ കൂടുകയോ ചെയ്‌തേക്കാം.

ഫൈബര്‍ എവിടെ നിന്ന് കിട്ടും?

ഇതാണ് ചിക്കന്‍ മാത്രം കഴിക്കുന്നതിലെ വലിയ പ്രശ്‌നങ്ങളിലൊന്ന്. ചിക്കനില്‍ ഡയറ്ററി ഫൈബര്‍ ഇല്ല. പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും ഫൈബര്‍ ലഭിക്കുന്നത്. ഫൈബര്‍ കുറയുമ്പോള്‍ മലബന്ധം ഉണ്ടാകാം. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും ഫൈബര്‍ പ്രധാനമാണ്. അതിനാല്‍ ചിക്കന്‍ മാത്രം കഴിക്കുന്ന ഭക്ഷണരീതി ദീര്‍ഘകാലത്തേക്ക് തുടരുന്നത് ശരീരത്തിന് ഗുണകരമല്ല.

eat only chicken consistently for a month

ക്ഷീണവും എനര്‍ജിക്കുറവും തോന്നാം

ചിക്കനില്‍ പ്രോട്ടീന്‍ ധാരാളമുണ്ടെങ്കിലും ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്. അരി, ഓട്‌സ്, മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ചിലര്‍ക്ക് ക്ഷീണം, ബലക്കുറവ്, ഊര്‍ജക്കുറവ് തുടങ്ങിയവ അനുഭവപ്പെടാം. വളരെ നിയന്ത്രിതമായ ഹൈ പ്രോട്ടീന്‍ ഭക്ഷണരീതികളില്‍ ഫൈബറും ചില പോഷകങ്ങളും കുറയാനുള്ള സാധ്യതയുണ്ടെന്ന് മയോ ക്ലിനിക്കിന്റെ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

eat only chicken consistently for a month

ചില വിറ്റാമിനുകളും പോഷകങ്ങളും കുറയാം

ചിക്കനില്‍ പ്രോട്ടീന്‍, നിയാസിന്‍, വിറ്റാമിന്‍ B6, സെലീനിയം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ ലഭിക്കും. എന്നാല്‍ ചിക്കന്‍ മാത്രം കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കില്ല. പ്രത്യേകിച്ച് വിറ്റാമിന്‍ ഇ, ഫോളേറ്റ്, ഫൈബര്‍, സസ്യഭക്ഷണങ്ങളില്‍ നിന്നുള്ള വിവിധ ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ലഭ്യത കുറയാം.

എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്

ചിക്കന്‍ കഴിക്കുന്നത് ആരോഗ്യകരമാക്കുന്നതില്‍ പാചകരീതിക്കും വലിയ പങ്കുണ്ട്. ഗ്രില്‍ ചെയ്തതോ വേവിച്ചതോ കുറച്ച് എണ്ണയില്‍ പാകം ചെയ്തതോ ആയ ചിക്കന്‍ താരതമ്യേന നല്ല തിരഞ്ഞെടുപ്പാണ്. എന്നാല്‍ സ്ഥിരമായി ഡീപ്പ് ഫ്രൈ ചെയ്ത ചിക്കന്‍, കൂടുതല്‍ എണ്ണ, ബട്ടര്‍, ക്രീം എന്നിവ ചേര്‍ത്തുള്ള വിഭവങ്ങള്‍ കഴിച്ചാല്‍ കലോറിയും കൊഴുപ്പും കൂടും.

ചിക്കന്‍ ഒഴിവാക്കണമെന്നല്ല

ചിക്കന്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാം. പ്രശ്‌നം ചിക്കന്‍ കഴിക്കുന്നതിലല്ല. ഭക്ഷണത്തില്‍ ചിക്കന്‍ മാത്രം ബാക്കിയാക്കി മറ്റ് ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുന്നതിലാണ്. പ്രോട്ടീനൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുന്നതാണ് സമതുലിതമായ ഭക്ഷണരീതി.

Content Highlights :Chicken is considered an excellent source of protein. But what happens to the body if you eat only chicken for a month? You might lose weight initially, but what happens next?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image