

പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെത്തുന്നത് നിയന്ത്രിക്കാൻ നീക്കം. ഉയർന്ന സുരക്ഷ കാറ്റഗറിയിൽ ഉൾപ്പെടുന്ന വ്യക്തിയായതിനാൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ എത്തുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നുവെന്നാണ് പൊലീസിൻ്റെ വിചിത്ര കണ്ടെത്തൽ. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വർധിപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നാണ് ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം കൈമാറിയിരിക്കുന്നത്.
മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അനിയന്ത്രിതമായ ജനക്കൂട്ടം അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കത്തക്കവിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പരിപാടികളിലോ യാത്രകളിലോ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന കാര്യമായതിനാൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങൾക്കു ഇടവരാത്ത വിധം അദ്ദേഹത്തിന് പൂർണ സുരക്ഷ ഒരുക്കേണ്ടതു അനിവാര്യം ആണ്. ജില്ലാ പൊലീസ് മേധാവികൾ ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധ നൽകി മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി ബോധിപ്പിച്ചു കൊള്ളുന്നു എന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന് കഴിഞ്ഞ ദിവസം പൊലീസ് മാധ്യമ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു. മൈക്കുമായി പോകരുത് മാറിനിൽക്കാനായിരുന്നു എറണാകുളം എസിപി പീറ്റർ കെ ജെ മാധ്യമ പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. മാറി നിന്നാൽമതി Z+ സുരക്ഷയുള്ളയാളാണ് എന്നും എറണാകുളം എസിപി മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. ഇങ്ങനെ ഒരു നിർദ്ദേശം പൊലീസിന് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പീറ്റർ കെ ജെ പ്രതികരിച്ചില്ല. ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയവരോടായിരുന്നു നിർദേശം. മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് വലയത്തിലായിരുന്നു മുഖ്യമന്ത്രി ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പൊലീസ് അനുവദിച്ചിരുന്നില്ല.
Content Highlights: Police are reportedly considering measures to restrict journalists at Kerala Chief Minister’s public events, citing concerns over security threats