

കൊല്ലം: കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മ്മം നടത്തി കുടുംബം. 55 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മകന്റെ രൂപം തടിയില്‍ തീര്‍ത്ത് ചിതയില്‍ ദഹിപ്പിച്ചു. മകന്‍ മടങ്ങിവരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അന്ത്യകര്‍മ്മം നടത്തിയതെന്ന് അമ്മ രേഷ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രേഷ്മയാണ് മകന്റെ രൂപം തടിയില്‍ തീര്‍ത്തത്. ഗൗതമിനായുള്ള തിരച്ചില്‍ ഊര്‍ജിതമല്ല എന്ന് ആരോപിച്ച് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കുടുംബം നേരത്തെ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 31 നാണ് നീണ്ടകരയില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ 'ശ്രീകൃഷ്ണഭഗവാന്‍ കുറുവടിക്കാരന്‍' ഔട്ട്ബോര്‍ഡ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. തുടർന്ന് ഗൗതം കൃഷ്ണയെ കാണാതായിരുന്നു. ഗൗതം കൃഷ്ണയുടെ പിതാവ് രാധാകൃഷ്ണന്‍, അമ്മയുടെ പിതാവ് രാജീവന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഗൗതമിനായുള്ള തിരച്ചിൽ ഫലം കണ്ടില്ല. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും കാത്തിരിപ്പിന് ഫലമില്ലാതായടെയാണ് കുടുംബം അന്ത്യകർമ്മങ്ങൾ ചെയ്യാൻ തീരുമാനിച്ചത്.

അതേസമയം കുടുംബത്തിന് ഇതുവരെയും സര്‍ക്കാരില്‍ നിന്ന് സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ പ്രതികരിച്ചു. തങ്ങളുടെ ആകെയുള്ള വരുമാനമാര്‍ഗമായിരുന്നു വള്ളം. അതിനൊപ്പം ഭര്‍ത്താവിനെയും മകനെയും പിതാവിനെയുമാണ് നഷ്ടപ്പെട്ടത്. എല്ലാ വരുമാനമാര്‍ഗങ്ങളും അടഞ്ഞതു പോലെയാണ്. ഇളയ മകന് ജോലി നല്‍കണമെന്നാണ് തുടക്കം മുതല്‍ ആവശ്യപ്പെട്ടത്. ജോലി നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നു. എന്നാലിത് വരെ വാക്ക് പാലിച്ചിട്ടില്ലെന്നും രേഷ്മ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കിയിരുന്നു. ഫിഷറീസ് മന്ത്രിക്കും ജില്ലയിലെ മന്ത്രിയായ ഷിബു ബേബി ജോണിനുമെല്ലാം നിവേദനം നല്‍കിയിരുന്നു. ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രേഷ്മ പറഞ്ഞു.
കുടുംബത്തിന് മുന്നോട്ട് പോകാനുള്ള ഏക വഴി ഒരു ജോലിയാണ്. വന്നവരെല്ലാം ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ പറഞ്ഞ ഒരു കാര്യവും നടപ്പിലായിട്ടില്ല. വാക്ക് പറയുന്നതില്‍ അല്ല കാര്യം. സഹായം ഏതെങ്കിലും സമയത്ത് ലഭിച്ചിട്ട് കാര്യമില്ലല്ലോയെന്നും ഗൗതം കൃഷ്ണയുടെ അമ്മ ചോദിച്ചു. കഴിഞ്ഞദിവസം മലപ്പുറത്ത് ഉണ്ടായ അപകടത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ 8 ആഴ്ച കഴിഞ്ഞിട്ടും തങ്ങളുടെ പ്രശ്‌നം പരിഗണിച്ചിട്ടില്ല. പരിഗണന അല്ല അവഗണന മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും രേഷ്മ പറഞ്ഞു.
Content Highlights: After 55 days of waiting for Gautham Krishna, who went missing in a fishing boat accident at Neendakara, his family performed the final rites using a wooden replica of him