

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടാതിരിക്കാൻ ബദൽ മാർഗ്ഗങ്ങളുമായി സൗദി അറേബ്യ. സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ, ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപം സമുദ്രത്തിൽ വെച്ച് കപ്പലിൽ നിന്ന് കപ്പലിലേക്ക് (Ship-to-Ship) ക്രൂഡ് ഓയിൽ കൈമാറുന്ന സംവിധാനം കൂടുതൽ സജീവമാക്കി. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ മുൻപുണ്ടായ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുമാണ് ഇത്തരമൊരു നിർണ്ണായക നീക്കത്തിലേക്ക് സൗദിയെ നയിച്ചത്.
പുതിയ സംവിധാനമനുസരിച്ച്, സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് ചെറിയ ടാങ്കർ കപ്പലുകളിൽ ഒമാൻ തീരത്തെത്തിക്കുന്ന ക്രൂഡ് ഓയിൽ, അവിടെ വെച്ച് വൻകിട എണ്ണക്കപ്പലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. തുടർന്നാണ് ഇവ ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഈ രീതിയിലൂടെ പ്രതിദിനം 10 ലക്ഷം മുതൽ 15 ലക്ഷം ബാരൽ വരെ എണ്ണയാണ് നിലവിൽ നീക്കം ചെയ്യുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ മുൻനിര ഏഷ്യൻ രാജ്യങ്ങളാണ് ഈ എണ്ണയുടെ പ്രധാന ഉപഭോക്താക്കൾ.
യൻബു തുറമുഖത്തേക്കുള്ള പൈപ്പ്‌ലൈൻ ആക്രമിക്കപ്പെട്ടത് കയറ്റുമതിയെ ബാധിച്ചിരുന്നെങ്കിലും പുതിയ ക്രമീകരണത്തിലൂടെ സൗദിയുടെ എണ്ണ കയറ്റുമതി വീണ്ടും ശക്തമായി തിരിച്ചെത്തി. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലിന് മുകളിലെത്തിയിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ആകെ ആറ് കോടി ബാരൽ എണ്ണയാണ് അരാംകോ ഈ രീതിയിൽ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നത്.
ചെറിയ കപ്പലുകൾ ഉപയോഗിച്ചുള്ള കൈമാറ്റം മൂലം ഗതാഗതച്ചെലവ് ഉയരുന്നതും വലിയ എണ്ണക്കപ്പലുകളുടെ ലഭ്യതക്കുറവും ചില വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മേഖലയിലെ കലുഷിതമായ അന്തരീക്ഷത്തിലും ലോക വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ എത്തിക്കാൻ ഒമാൻ തീരത്തെ ഈ പുതിയ സഹകരണം സൗദി അറേബ്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
Content Highlights: Amid risks surrounding the Strait of Hormuz and disruption to Saudi Arabia’s East-West pipeline, Aramco has increased crude loadings from Gulf terminals. Trade sources also reported plans to transfer around 60 million barrels from Ras Tanura via ship-to-ship operations at Oman’s Sohar port during September and October.