

അണ്ടര്‍ 17 ദേശീയ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍. ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മലപ്പുറം അത്താണിക്കല്‍ എംഐസി ഇഎംഎച്ച്എസ്എസ് ടീം ചൊവ്വാഴ്ച സെമിയില്‍ ബെംഗളൂരു ആര്‍മി ബോയ്‌സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. അനൗക് ഷോണ്‍ ആന്റണിയും കെഐ തൗഫീഖുമാണ് ഗോളടിച്ചത്.
മിനര്‍വ പഞ്ചാബാണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് ഫൈനല്‍. ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് എംഐസി ടീം ഫൈനലിലേക്ക് കടന്നത്. ആറ് മത്സരങ്ങളിലായി ടീം നേടിയത് 28 ഗോളുകളാണ്. മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിക്ക് കീഴിലാണ് ടീമിന്റെ പരിശീലനം. കഴിഞ്ഞവര്‍ഷവും കേരളത്തിനായിരുന്നു ദേശീയ സുബ്രതോ കപ്പ് കിരീടം. അന്ന് കോഴിക്കോട് ഫാറൂഖ് എച്ച്എസ്എസാണ് ചാമ്പ്യന്മാരായത്. ഇത്തവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഫാറൂഖ് ടീമിനെ പരാജയപ്പെടുത്തിയാണ് അത്താണിക്കല്‍ എംഐസി ടീം ദേശീയതലത്തിലേക്ക് യോഗ്യതനേടിയത്. 2022, 2023 വര്‍ഷങ്ങളിലും എംഐസി ടീം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലാണ് അന്ന് പുറത്തായത്. ഈ വര്‍ഷത്തെ അണ്ടര്‍ 15 ദേശീയ സുബ്രതോ കപ്പിലും എംഐസി ടീമാണ് പങ്കെടുത്തത്. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് പുറത്തായത്.
അണ്ടര്‍ 17 ടീം: ബി ജിത്തു (ക്യാപ്റ്റന്‍), പ്രത്യുഷ് ദേവ്, സുമൈല്‍ മുഹമ്മദ് നിസാര്‍ (ഇരുവരും ഗോള്‍കീപ്പര്‍മാര്‍), അനൗക് ഷോണ്‍ ആന്റണി, മുഹമ്മദ് സാഹിര്‍, ആര്‍ റിന്‍ ടോമി, മുഹമ്മദ് ആദില്‍, സയീദ് അജ്മല്‍, ആന്റണി ജോയ്, അമര്‍ അസീം, പി എന്‍ മുഹമ്മദ് ഫൈസാന്‍, വി എ അബ്ദുറഹ്‌മാന്‍ ഗൗഫ്, റിദ്വാന്‍, കെ ഐ തൗഫീഖ്, കെ ആര്‍ അദ്വൈദ്, മുഹമ്മദ് ഷിനാസ്. എം ടി അനാസില്‍ മുഖ്യപരിശീലകനും എസ് ആര്‍ ജയന്ത് സഹപരിശീലകനുമാണ്. മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിക്ക് കീഴിലാണ് ടീമിന്റെ പരിശീലനം.
content highlights: Subroto Cup Football: Kerala Reaches the Final