

ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക എൽഎച്ച്ബി കോച്ചുകളിൽ വ്യാപകമായ പ്രശ്നങ്ങൾ കണ്ടുവരുന്നതായി റിപ്പോർട്ട്. ബാത്ത്റൂം ഭാഗത്ത് ലീക്ക്, അതിവേഗം തുരുമ്പെടുക്കുന്നു തുടങ്ങിയ പ്രശ്നങ്ങളാണ് റെയിൽവേ കണ്ടെത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട റെയിൽവേ കോച്ച് നിർമാണശാല ഉദ്യോഗസ്ഥരോട് ഇതിനെക്കുറിച്ച് വിശദമായി പഠിക്കാൻ റെയിൽവേ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർമാരുടെ യോഗത്തിലാണ് ഇത്തരത്തിൽ എൽഎച്ച്ബി കോച്ചുകളിൽ പ്രശ്നങ്ങൾ ചർച്ചയ്ക്ക് വന്നത്. കോച്ചുകൾ അതിവേഗം തുരുമ്പെടുക്കുന്നതായാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കും എന്നതിനാൽ എസി, നോൺ എസി എൽഎച്ച്ബി കോച്ചുകളിൽ സ്ഥിരം പരിശോധനകളും അറ്റകുറ്റപ്പണികളും നടത്താൻ റെയിൽവേ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അതിവേഗം തുരുമ്പെടുക്കാനുള്ള കാരണം കണ്ടെത്തി അവ ഉടൻ പരിഹരിക്കാനും നിർദ്ദേശമുണ്ട്. എൽഎച്ച്ബി എസി, നോൺ-എസി കോച്ചുകളിലെ പ്രശ്നങ്ങൾ പരിശോധിച്ച് കഴിഞ്ഞ് മാർച്ച് മാസം ഈസ്റ്റേൺ റെയിൽവേ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. റിപ്പോർട്ടിൽ കോച്ചുകളുടെ പ്രായം തിരിച്ചുള്ളതും മറ്റുമായ പ്രശ്നങ്ങൾ രേഖപ്പെടുത്തിയിരുന്നു.
കോച്ചിലെ ബാത്ത്റൂമുകളിലെ പ്രശ്നമാണ് തുരുമ്പിന് പ്രധാന കാരണമെന്നാണ് ഒരു കണ്ടെത്തൽ. ബാത്ത്റൂമിന്റെ തറയിലൂടെയോ തകരാറുള്ള പൈപ്പ് ഫിറ്റിംഗുകളിലൂടെയോ വെള്ളം ഒലിച്ചിറങ്ങി കോച്ചിന്റെ അടിഭാഗത്തെ ഫ്രെയിമിലേക്ക് എത്താമെന്നും തുരുമ്പിന് കാരണമാകും എന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. അസിഡിറ്റി ഉള്ളതും ക്ലോറൈഡുകൾ അടങ്ങിയതുമായ മാലിന്യങ്ങൾ കാരണമാണ് ഇത് ഉണ്ടാകുന്നതെന്നും റെയിൽവേ പറയുന്നു.
തീരദേശ മേഖലകളിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ഉപ്പുകാറ്റ് ഒരു പ്രശ്നമാണ് എന്നും റെയിൽവേ പറയുന്നുണ്ട്. ഇത് കോച്ചുകൾ തുരുമ്പെടുക്കാൻ കാരണമാകുമെന്നും ഇടയ്ക്കിടയ്ക്ക് കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് ഇത് കരണമാകുന്നുണ്ടെന്നും റെയിൽവേ പറഞ്ഞു. ഡിസൈനിലെ മാറ്റം, പരിപാലനം, പ്രവർത്തന നടപടികൾ എന്നിവയാണ് തുരുമ്പെടുകൾ കുറയാൻ റെയിൽവേ അധികൃതർ ശുപാർശ ചെയ്യുന്നത്.
കോച്ചുകൾ കഴുകുമ്പോൾ പെട്ടെന്ന് തുരുമ്പെടുപ്പിക്കുന്ന രാസവസ്തുക്കൾ ഒഴിവാക്കാനും ഉപ്പുവെള്ളം ഇല്ല എന്നുറപ്പാക്കാനും റെയിൽവേ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കഴുകിയ ശേഷം നന്നായി ഉറങ്ങുന്നുവെന്ന് ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
Content Highlughts:Indian Railways has reported issues in LHB coaches, including leakage around bathroom areas and rapid rusting. Railway authorities have instructed officials at major railway coach manufacturing units to conduct a detailed study into the reported problems.