

തിരുവനന്തപുരം: എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല. യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ പ്രതിദിനം 12 കോടിക്ക് മുകളില്‍ ചെലവ് വരുമെന്ന് ചൂണ്ടികാട്ടി കെഎസ്ഇബി റിപ്പോര്‍ട്ട് നല്‍കി. എന്‍ടിപിസി വഴി വൈദ്യുതി വാങ്ങിക്കുമ്പോഴുണ്ടാകുന്ന ബാധ്യതയെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി എംഡി എം ജി രാജമാണിക്യം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
എന്‍ടിപിസിയില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനായിരുന്നു നീക്കം. ഇതിന് സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെ വാങ്ങിയാല്‍ കെഎസ്ഇബിക്ക് അത് വലിയ സാമ്പത്തിക ബാധ്യത ആകും. ഇതോടെയാണ് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന സാഹചര്യം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചത്. വൈദ്യുതി വാങ്ങുന്നതില്‍ എല്ലാ വശവും പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഉത്തരേന്ത്യയില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കൂടി പരിശോധിച്ച ശേഷമാകും തീരുമാനം. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സാഹചര്യം ഒഴിവാക്കാനാണ് പരമാവധി ശ്രമം നടക്കുന്നത്.
നാളെയോടെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെന്ന് വിലയിരുത്തല്‍. കേന്ദ്രനിലയങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യമാക്കാനും ശ്രമമുണ്ട്. എന്‍പിസിഐഎല്‍ സിഎംഡി യുമായി കെഎസ്ഇബി സിഎംഡി എം ജി രാജമാണിക്യം കൂടിക്കാഴ്ച നടത്തും. ഇതിനായി എം ജി രാജമാണിക്യം നാളെ ഡല്‍ഹിയിലേക്ക് തിരിക്കും.
മഴ കുറഞ്ഞതും ഉയര്‍ന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടില്‍ അധികം ആവശ്യകതയാണ് ഈ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
Content Highlights: The Kerala government is considering dropping its plan to purchase electricity through NTPC and may not buy power at higher rates.