'നമ്പറുകള്‍ സേവ് ചെയ്തത് 'ഹവാ' എന്ന് ചേര്‍ത്ത്'; ഹസൻ വാരിസിന്റെ ഫോണിൽ ഹവാല ഇടപാടിന് നിർണായക തെളിവെന്ന് ഇ ഡി

ഹവാല ഇടപാടിന് വേണ്ടി 'നമ്മള്‍ ബേപ്പൂര്‍ ടീം' എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായും ഇ ഡി പറയുന്നു

'നമ്പറുകള്‍ സേവ് ചെയ്തത് 'ഹവാ' എന്ന് ചേര്‍ത്ത്'; ഹസൻ വാരിസിന്റെ ഫോണിൽ ഹവാല ഇടപാടിന് നിർണായക തെളിവെന്ന് ഇ ഡി
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഹവാല ഇടപാടുകള്‍ക്ക് കൂടുതല്‍ തെളിവുകളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹസന്‍ വാരിസിന്റെ ഫോണില്‍ നമ്പറുകള്‍ സേവ് ചെയ്തത് 'ഹവാ' എന്ന് ചേര്‍ത്താണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഹവാല ഇടപാടിന് വേണ്ടി 'നമ്മള്‍ ബേപ്പൂര്‍ ടീം' എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായും ഇ ഡി പറയുന്നു. ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഹസന്‍ വാരിന്റെ ഫോണിലുള്ളത് നിര്‍ണായക തെളിവുകളാണെന്നാണ് ഇ ഡി ചൂണ്ടിക്കാട്ടുന്നത്. 'DXB Subair Koduvally Hawa' എന്ന നമ്പറിലേക്ക് നടത്തിയ ചാറ്റുകള്‍ ഹവാല ഇടപാട് നടന്നതിന് തെളിവാണെന്നും ഇ ഡി പറയുന്നു. 2024 ജൂലൈ മൂന്ന്, ജൂലൈ 23, 2025 ജൂലൈ അഞ്ച് എന്നീ ദിവസങ്ങളില്‍ ചാറ്റ് നടന്നു. 'മിനിസ്റ്റര്‍ റിയാസ്' എന്ന് സേവ് ചെയ്ത നമ്പറും വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ട്. 'മിഥുന്‍ കിച്ചു, റിയാസ് സെക്രട്ടറി, വിബിന്‍, മിനിസ്റ്റര്‍ സെക്രട്ടറി എന്ന് സേവ് ചെയ്ത കോണ്ടാക്റ്റുകളും ഗ്രൂപ്പിലുണ്ട്. മുഹമ്മദ് റിയാസ് പേഴ്സണല്‍ സ്റ്റാഫുകളെ വരെ ഹവാല ഓപ്പറേഷന് ഉപയോഗിച്ചെന്നാണ് ഇ ഡി പറയുന്നത്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ആരോപണവിധേയനായ വി പി ഫൈജാസ് അടക്കം 16 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.

കത്തില്‍ വീണ ടിക്ക് എതിരായിട്ടുള്ള വിവരങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ദുബായിലേക്ക് വീണ കൈമാറിയത് 85 ലക്ഷം രൂപയാണെന്നായിരുന്നു ഇ ഡി കത്തില്‍ പറഞ്ഞത്. വീണ സ്വന്തം കൈപ്പടയില്‍ എഴുതിയ പണമിടപാടിന്റെ കുറിപ്പുകളും കത്തിനൊപ്പമുണ്ടായിരുന്നു. മുഹമ്മദ് റിയാസിനെതിരെ ഹസന്‍ വാരിസിന്റെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡിയുടെ കത്തില്‍ പറഞ്ഞിരുന്നു. ഹവാല ഏജന്റായ സുബൈര്‍ കരുവാംപോയില്‍ വഴിയാണ് അഞ്ച് തവണ പണം കടത്തിയതെന്ന് ഹസന്‍ വാരിസിന്റെ മൊഴിയിലുണ്ട്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയാണ് പണം കടത്തിയത്. ഒരു വര്‍ഷ കാലയളവില്‍ ഒരു കോടി 20 ലക്ഷം രൂപ ഇങ്ങനെ കടത്തിയെന്നും ഇ ഡി പറയുന്നു. ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിര്‍ദേശം. റിയാസിന്റെ നിര്‍ദേശ പ്രകാരം ചില ആളുകള്‍ പണം നല്‍കിയെന്ന് ഹസന്‍ വാരിസിന്റെ മൊഴിയിലുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടി.

Content Highlights- The Enforcement Directorate says Hasan Waris’s phone contains crucial evidence linked to hawala transactions. According to the agency, several phone numbers were saved using the term “Hawa,” which it considers significant to its investigation.

dot image
To advertise here,contact us
dot image