

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ 13ാം തീയതി വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പൊതുവില്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടില്‍ നിന്നുള്ള ആശ്വാസമാകും. സെപ്തംബര്‍ 10 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സെപ്തംബര്‍ 10 ഓടെ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ഇന്ന് രാവിലെ 8:30 മുതല്‍ വെള്ളിയാഴ്ച രാവിലെ 8:30വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിശകലന കേന്ദ്രം അറിയിച്ചിട്ടുണ്ട്. കന്യാകുമാരി തീരത്ത് ഇന്നലെ രാത്രി മുതല്‍ വെള്ളിയാഴ്ച രാത്രി 11.30വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Content Highlights: five-day rain warning for Kerala, forecasting the possibility of light rain until September 13. The weather alert comes amid the likelihood of a low-pressure area developing over the Bay of Bengal