

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ പ്രതിരോധിച്ച് സിപിഐഎം. ഇ ഡി രാഷ്ട്രീയ വേട്ട തുരുമ്പിച്ച ആയുധമാണെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഡിജിപിക്ക് ഇ ഡി നല്‍കിയ കത്ത് നേരത്തെയും സര്‍ക്കാരിന് നല്‍കിയിരുന്നു. വിഷയത്തില്‍ പൊലീസ് വസ്തുനിഷ്ഠമായി നടത്തിയ അന്വേഷണത്തിന്റെയും വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി. ഇ ഡി നല്‍കിയ കത്ത് തള്ളിക്കളയുകയും ചെയ്തതാണ്. ഭരണം മാറിയപ്പോള്‍ ഇ ഡി പുതിയ കത്ത് നല്‍കിയതാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
വീണയാണ് ഇടപാട് നടത്തിയതെന്ന് നേരത്തേ പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസിനെയും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. എസ്എഫ്‌ഐഒയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ അകാരണമായി പിണറായി വിജയന്റെ പേര് ചേര്‍ത്തപ്പോള്‍ത്തന്നെ കേന്ദ്ര ഏജന്‍സികളുടെ ദുരുദ്ദേശ്യം വെളിച്ചത്തുവന്നിരുന്നു. അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഇ ഡിയുടെ കത്തില്‍ എന്ത് അഴിമതിയാണ് നടന്നതെന്ന് പറയുന്നില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. വീണയുടെ എക്‌സാലോജിക് കമ്പനിയുമായി സിഎംആര്‍എല്‍ ഒപ്പിട്ടത്, അന്നത്തെ മുഖ്യമന്ത്രിയില്‍ നിന്നോ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ എന്തെങ്കിലും അന്യായമായി നേടാന്‍ വേണ്ടിയായിരുന്നു എന്നതിന് തെളിവില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സിഎംആര്‍എല്‍ ഓഫീസ് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ചതെന്ന് അവകാശപ്പെടുന്ന ഡയറിയില്‍ 182 കോടി രൂപ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടോ മൂന്നോ കോടിയുടെ കാര്യത്തില്‍ മാത്രമാണ് ഇ ഡിക്ക് ഉത്ക്കണ്ഠ. നിലവിലെ ചില സംസ്ഥാന മന്ത്രിമാരും പണം വാങ്ങിയവരുടെ പട്ടികയിലുണ്ട്. അവര്‍ അത് സമ്മതിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍, കേന്ദ്ര ഏജന്‍സികളെ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി കാണുന്ന കോണ്‍ഗ്രസിന്റെ പൊതുനിലപാടിനോട് അവര്‍ കേരളത്തില്‍ നീതിപുലര്‍ത്തുമോ എന്ന് കണ്ടറിയണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം നിയമോപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലില്‍ നിന്നാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിക്കുന്ന പക്ഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Content Highlights- CPIM has opposed the Enforcement Directorate’s reported move to initiate a case related to the financial transaction between CMRL and Exalogic.