ബാലണ്‍ ഡി ഓര്‍ എംബാപ്പെയ്ക്ക് ലഭിക്കണമെന്ന് ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി

വ്യക്തിഗത പ്രകടനങ്ങള്‍ കണക്കിലെടുത്ത് എംബാപ്പെയെ പരിഗണിക്കണമെന്നാണ് തിയറി ഹെന്റിയുടെ വാദം

ബാലണ്‍ ഡി ഓര്‍ എംബാപ്പെയ്ക്ക് ലഭിക്കണമെന്ന് ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി
dot image

പ്രധാന കിരീടങ്ങള്‍ ഒന്നും നേടിയിട്ടില്ലെങ്കില്‍ പോലും, എംബാപ്പേയുടെ മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ മുന്‍നിര്‍ത്തി ലയണല്‍ മെസ്സി, നോര്‍വേ താരം എര്‍ലിംഗ് ഹാലന്‍ഡ്, ഇംഗ്ലണ്ടിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും സൂപ്പര്‍ താരം ഹാരി കേന്‍, സ്‌പെയിനിന്റെ ഫിഫ വേള്‍ഡ് കപ്പ് താരം റോഡ്രി, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരെക്കാള്‍ മുന്‍ഗണന നല്‍കി ബാലന്‍ ഡി ഓര്‍ പുരസ്‌കാരം കിലിയന്‍ എംബാപ്പേയ്ക്ക് നല്‍കണമെന്ന് മുന്‍ ആഴ്‌സണല്‍, ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി ആവശ്യപ്പെട്ടു. ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, ലോകകപ്പ് എന്നിവയിലെ മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന പദവിയാണ് ഫ്രഞ്ച് മുന്നേറ്റ താരത്തിന്റെ അസാധാരണ പ്രകടനത്തിന് തെളിവായി ഹെന്റി ചൂണ്ടിക്കാണിച്ചത്. 2025-26 യൂറോപ്യന്‍ സീസണിലെയും 2026 ഫിഫ ലോകകപ്പിലെയും മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് ബാലണ്‍ ഡി ഓര്‍ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

'അത് കിലിയന്‍ എംബാപ്പേ തന്നെയാണ്. അയാള്‍ ഒന്നും നേടിയില്ല എന്ന് ആളുകള്‍ പറഞ്ഞേക്കാം. എന്നാല്‍ ചരിത്രത്തില്‍ മുന്‍പും അങ്ങനെ സംഭവിച്ചിട്ടുണ്ട്, അതിനെക്കുറിച്ച് ആളുകള്‍ അല്‍പ്പം ഗവേഷണം നടത്തേണ്ടതുണ്ട്' -അഭിമുഖത്തില്‍ ഹെന്റി പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം അത് കിലിയന്‍ ആണ്. വ്യക്തിഗതമായി അവന്‍ എന്താണ് നേടിയതെന്ന് നോക്കൂ… ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും ലോകകപ്പിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം അവന്‍ ആണ്. അസിസ്റ്റുകളുടെ കാര്യത്തില്‍ മൈക്കല്‍ ഒലിസെയ്ക്കും സമാനമായ നേട്ടമുണ്ട്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025-26 സീസണില്‍ ലാ ലിഗയില്‍ 25 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളും നേടി മികച്ച ഫോമിലായിരുന്നിട്ടും 27-കാരനായ എംബാപ്പേയ്ക്ക് പുരുഷ ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ ഈ വ്യക്തിഗത പുരസ്‌കാരം ഇതുവരെ നേടാനായിട്ടില്ല. അര്‍ജന്റീന ലോകകപ്പ് കിരീടം നിലനിര്‍ത്തിയിരുന്നെങ്കില്‍ മെസ്സി ഒന്‍പതാം തവണയും ഈ പുരസ്‌കാരം സ്വന്തമാക്കുമായിരുന്നുവെന്നും ഹെന്റി അഭിപ്രായപ്പെട്ടു. 'അവര്‍ ലോകകപ്പ് ജയിച്ചിരുന്നെങ്കില്‍, ബാലണ്‍ ഡി ഓര്‍ അവര്‍ മെസ്സിക്ക് തന്നെ നല്‍കുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു' -അദ്ദേഹം പറഞ്ഞു.

content highlights: Kylian Mbappé Deserves Ballon d'Or: French Legend Thierry Henry

dot image
To advertise here,contact us
dot image