സൗദിയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി സിവിൽ ഡിഫൻസ്

അധികൃതർ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പുറത്തിറക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു

സൗദിയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി സിവിൽ ഡിഫൻസ്
dot image

സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ ഇന്ന് മുതല്‍ (ബുധന്‍) മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സൗദി സിവില്‍ ഡിഫന്‍സാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ മിന്നല്‍പ്രളയം, ആലിപ്പഴമഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും താഴ്വരകള്‍, വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. പ്രളയജലത്തില്‍ ഇറങ്ങുകയോ നീന്താന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പുറത്തിറക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എന്‍സിഎം) പ്രവചനപ്രകാരം മക്ക മേഖലയിലെ ചില ഭാഗങ്ങളില്‍ മിതമായതും ശക്തമായതുമായ മഴ ലഭിക്കും. ഇതുമൂലം മിന്നല്‍പ്രളയത്തിനും ആലിപ്പഴമഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റ് പൊടിക്കാറ്റിനും മണല്‍ക്കാറ്റിനും കാരണമായി ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയ്ക്കാനും സാധ്യതയുണ്ട്. തായിഫ്, മൈസാന്‍, ആദം, അല്‍ അര്‍ദിയാത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.

മക്ക, അല്‍ കാമില്‍, അല്‍ ജുമും, ബഹ്‌റ, അല്‍ ലിത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജസാന്‍, അസീര്‍, അല്‍ ബാഹ മേഖലകളിലും സമാന കാലാവസ്ഥാ സാഹചര്യം പ്രതീക്ഷിക്കുന്നു. ഇവിടെ മിതമായതും ശക്തമായതുമായ മഴയും മിന്നല്‍പ്രളയവും ആലിപ്പഴമഴയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മദീന, നജ്റാന്‍ മേഖലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. താഴ്വരകളിലേക്കോ വെള്ളം കവിഞ്ഞൊഴുകുന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്നും പ്രളയജലം മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് വീണ്ടും മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നതിനാല്‍ ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Saudi Arabia’s Civil Defence has issued a weather advisory warning of thunderstorms, heavy rain, strong winds and possible flash floods across several regions of the Kingdom.

dot image
To advertise here,contact us
dot image