തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന പരാതി; കണ്ണൂരില്‍ അധ്യാപികയെ മാറ്റി

രക്തത്തിലെ സോഡിയത്തില്‍ വ്യതിയാനം വരുന്ന കുട്ടി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്

തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന പരാതി; കണ്ണൂരില്‍ അധ്യാപികയെ മാറ്റി
dot image

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി. തലശ്ശേരി രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയാണ് അധ്യാപികയെ മാറ്റിയത്. സംഭവം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സ്‌കൂളില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്നായിരുന്നു ആരോപണം. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക 'ചത്തില്ലേ' എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കള്‍ നൽകിയ പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തില്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിസ്റ്റര്‍ ലിന്റോയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. രക്തത്തിലെ സോഡിയത്തില്‍ വ്യതിയാനം വരുന്ന കുട്ടി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ക്കും അറിയാവുന്നതാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ഇന്നലെ ഉച്ചയോടെ കുട്ടി തലകറങ്ങി വീഴുകയായിരുന്നു. സഹപാഠികള്‍ വിവരം പ്രധാനാധ്യപകനെ അറിയിക്കാനായി മുറിയിലെത്തിയപ്പോള്‍ കുട്ടി എന്ത് കൊണ്ട് നേരിട്ട് തന്നോട് വിവരം അറിയിച്ചില്ല എന്ന മറുപടിയാണ് ക്ലാസ് ടീച്ചര്‍ നല്‍കിയതെന്ന് കുട്ടികള്‍ ആരോപിച്ചു. തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപിക അപ്പോഴും നിലത്ത് തന്നെ കിടക്കുകയായിരുന്ന കുട്ടിയെ ചവിട്ടിയെന്നും പറയുന്നു. വിവരമറിഞ്ഞ രക്ഷിതാക്കള്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ആദ്യം അധ്യാപിക ആരോപണം നിഷേധിക്കുകയായിരുന്നു. പിന്നാലെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തുകയായിരുന്നു.

അധ്യാപിക കുട്ടിയെ ചവിട്ടുകയോ അധിക്ഷേപ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കുട്ടിയെ പരിഗണിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതം അധ്യാപിക നടത്തിയതായാണ് വിവരം.

Content Highlights: Teacher Sister Linto Jose has been temporarily removed from duty following allegations of inhumane treatment of a Class 6 student who collapsed at a school in Iritty, Kannur. A special inquiry committee will investigate the incident

dot image
To advertise here,contact us
dot image